Breaking News

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം; നിയന്ത്രണം കടുപ്പിച്ച് കർണാടകം



കാസർഗോഡ്: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടകം. 72 മണിക്കൂറിനകം എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പുതിയ ഉത്തരവിറക്കി. കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കേരളം, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇനിമുതൽ ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നേരത്തെ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്കുള്ള ആര്‍. ടി. പി. സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിബന്ധനയില്‍ ഇളവു വരുത്തിയിരുന്നു. ഒരു ഡോസ് വാക്‌സിന്‍ എടുത്തവർക്കാണ് ഇളവ് നൽകിയിരുന്നത്.




വ്യോമ, ട്രെയിന്‍, ബസ് ടാക്‌സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവയില്‍ കേരളത്തില്‍നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ 72 മണിക്കൂറിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്.

വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ജില്ല അതിര്‍ത്തികള്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കാനും അതാത് ജില്ല ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രണ്ടായിരത്തോളം കേസുകള്‍ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അതിര്‍ത്തികളില്‍ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. അതേസമയം ആശുപത്രി ആവശ്യങ്ങൾക്ക് യാത്രചെയ്യുന്നവർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.

No comments