Breaking News

കെ.സുരേന്ദ്രനടക്കമുള്ള സംസ്ഥാന നേതാക്കൾക്കെതിരെയുള്ള കള്ളക്കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാസർകോട് എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി


കാസർഗോഡ് : കേരള പോലീസ് പിന്തുടരുന്നത് ഇന്ത്യൻ പീനൽ കോഡല്ല പിണറായി കോഡ് ആണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കള്ളക്കേസിൽ കുടുക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കത്തിനെതിരെ കാസർഗോഡ് ജില്ലാ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സിപിഎം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് കൊടകര കേസിലും മഞ്ചേശ്വരം കേസിലും പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത്. മഞ്ചേശ്വരം കേസിൽ സുന്ദരക്കെതിരെ ഒരു കേസും ചാർജ്ജ് ചെയ്തിട്ടില്ല. ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് പിന്തുണ വാഗ്ദാനം ചെയ്ത് കൊണ്ടാണ് ബിഎസ്പി സ്ഥാനാർത്ഥി ആയിരുന്ന കെ. സുന്ദര പത്രിക പിൻവലിക്കുന്നത്. ബിജെപിയുടെ ഭാഗത്ത് നിന്നും പ്രലോഭനമോ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അന്ന് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതുമാണ്. മാസങ്ങൾക്ക് ശേഷം ആരോപണവുമായി സുന്ദര രംഗത്ത് വന്നത് ദുരൂഹമാണ്. കള്ളമൊഴികൾ രേഖപ്പെടുത്തി കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ദാസ്യവേല പോലീസ് ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും നൽകുന്ന പാരിതോഷികം മോഹിച്ചാണ് പല പോലീസ് ഉദ്യോഗസ്ഥരും ബിജെപിക്കെതിരെയുള്ള നിയമ വിരുദ്ധ നടപടികൾ സ്വീകരിക്കുന്നത്. നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കാൻ പരിശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് സമൂഹത്തിൽ പരിഹാസ്യരായി തീർന്നിരിക്കുന്നു. ഇതേ അനുഭവമാണ് ബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കാൻ നോക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുമുണ്ടാകാൻ പോകുന്നത്. 


ഇത്തരം കള്ളക്കേസിലൂടെ ബിജെപിയെ തകർക്കാനുള്ള പിണറായി സർക്കാരിൻ്റെ നീക്കം പരാജയപ്പെടും. നിക്ഷ്പക്ഷവും സത്യസന്ധവുമായ രീതിയിൽ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ പോലീസ് തയ്യാറാകാത്ത പക്ഷം കടുത്ത സമര പരിപാടികൾ സ്വീകരിക്കാൻ ബിജെപി നിർബന്ധിതമാകുമെന്ന് അഡ്വ. കെ. ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.


അഡ്വ. ബാലകൃഷ്ണ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. രൂപവാണി ആർ ഭട്ട്, ഒബിസി മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. നവീൻ രാജ് എന്നിവർ സംസാരിച്ചു. ബിജെപി സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹിബിജെപി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.വേലായുധൻ സ്വാഗതവും എം. സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

No comments