തലപ്പാടിയിൽ സംയോജിത ചെക്ക് പോസ്റ്റ് ശിലാസ്ഥാപനം മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു
കാസർകോട്: കേരള കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ പുതുതായി നിർമ്മിക്കുന്ന സംയോജിത ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ ശിലാ സ്ഥാപനം കേരള വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചു.അതിർത്തി പ്രദേശങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും വനം കുറ്റകൃത്യങ്ങൾ ഗണ്യമായി കുറക്കുന്നതിനും മനുഷ്യവന്യജീവി സംഘർഷ ലഘൂകരണത്തിനും വനപരിപാലനപ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും പദ്ധതി ഏറെ പ്രയോജനകരമായിരുക്കുമെന്ന് മന്ത്രി പറഞ്ഞു.സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങൾ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകൾ 11.27 കോടി രൂപ ചെലവിലുമാണ് നിർമ്മിക്കുക. അടുത്തവർഷം മാർച്ചോടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായി സംയോജിത
ചെക്ക്പോസ്റ്റ് കോംപ്ലക്‌സുകൾ നിർമ്മിക്കുന്നത്.വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇക്കോഷോപ്പ് ,മറ്റു അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രധാന ചെക്പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് കോംപ്ലക്സുകളാക്കി മാറ്റുന്നതാണ് പദ്ധതി. നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒൻപത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക്പോസ്റ്റ് സമുച്ചയങ്ങളാണ് നിർമ്മിക്കുക. നബാർഡ് ആർ ഐ ഡി എഫ് ധനസഹായത്തോടെ സംസ്ഥാനത്ത് 15 പുതിയ ഫേറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങളും 100 ദിനപദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.
ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് അധ്യക്ഷനായി. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത്ത് കെ രാമൻ, കാസർകോട് റെയ്ഞ്ച് ഓഫീസർ ടി ജി സോളമൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .
No comments