Breaking News

മലയോരത്തിന് ശുഭപ്രതീക്ഷ ചെറുപുഴ ഹില്‍ടൂറിസം പദ്ധതി പ്രദേശങ്ങൾ ടി.ഐ മധുസൂദനന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

ചെറുപുഴ: ചെറുപുഴ ഹില്‍ ടൂറിസം പദ്ധതിക്ക് ഒടുവില്‍ പുതുജീവന്‍. ടി.ഐ മധുസൂദനന്‍  എം.എല്‍.എയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെറുപുഴ തേജസ്വിനി പുഴയോരം, തിരുനെറ്റിക്കല്ല് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.വരും ദിവസങ്ങളില്‍ കൊട്ടത്തലച്ചി മല, താബോര്‍ തെരുവ് മല തുടങ്ങിയ പദ്ധതി പ്രദേശങ്ങളും എം.എല്‍.എയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും.പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തകർച്ച നേരിടുന്ന കാർഷിക മേഖലയ്ക്കു ഉണർവേകുമെന്ന വലിയ പ്രതീക്ഷയാണ് മലയോരത്തിനുള്ളത്.


ചെറുപുഴ ടൗണിനോട് ചേർന്ന് തേജസ്വിനിപ്പുഴയിലെ തടയണയിൽ പെഡൽ ബോട്ട്, കുട്ടികളെ ആകർഷിക്കാൻ പാർക്ക്, വാക്ക് വേ, ടൗൺ സ്ക്വയർ, തേജസ്വിനിപ്പുഴയിലെ  കമ്പിപ്പാലങ്ങളും പുഴ സൗന്ദര്യവൽക്കരണവും, ചാത്തമംഗലം, കോറാളി, താബോർ, ജോസ്ഗിരി, മരുതുംതട്ട്, കമ്മാളിക്കല്ല്, തിരുനെറ്റിക്കല്ല്, കൊട്ടത്തലച്ചി, താബോര്‍ തെരുവ് മല തുടങ്ങിയ മലനിരകളിൽ ട്രക്കിങ്,  തേജസ്വിനിപ്പുഴയിൽ വൈറ്റ് വാട്ടർ റാഫ്റ്റിങ് എന്നിവയാണ് ചെറുപുഴ ഹില്‍ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്നത്.


ഇതിനോടനുബന്ധിച്ച് മലയോര മേഖലയിലെ വ്യത്യസ്തമായ കൃഷിയിടങ്ങൾ, ആട്, കോഴി, പശു തുടങ്ങിയ ഫാമുകൾ, മത്സ്യ വളർത്തൽ കേന്ദ്രങ്ങൾ, ആദിവാസി മേഖലയിലെ വിവിധ കലാരൂപങ്ങൾ, കുട്ട നിർമാണം തുടങ്ങിയവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഫാം ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.


എം.എല്‍.എയോടൊപ്പം ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ജോയി, കെ.പി ഗോപാലന്‍,കെ.ഡി അഗസ്റ്റ്യന്‍, എ.ടി.വി ദാമോദരന്‍ എന്നിവരും ഉണ്ടായിരുന്നു. 

No comments