Breaking News

രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ



കൊച്ചി: രോഗിയായ കുട്ടിയുടെ പേരിൽ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി പണപ്പിരിവ് നടത്തിയ അമ്മയും മകളും അറസ്റ്റിൽ. ചികിത്സാ ചെലവിന് പണം ആവശ്യമുള്ള കുഞ്ഞിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ചേരാനല്ലൂരിലെ ഫ്ലാറ്റിൽ താമസിക്കുന്ന പാല ഓലിക്കൽ സ്വദേശികളായ മറിയാമ്മ സെബാസ്റ്റ്യൻ (59), മകൾ അനിത ടി ജോസഫ് (29) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.

എയിംസിൽ ന്യൂറോഫൈബ്രോമാറ്റിസ് എന്ന രോഗം ബാധിച്ച് മാസങ്ങളായി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ പേരിലാണ് പണപ്പിരിവ് നടത്തിയത്. ചാരിറ്റി പ്രവർത്തകനായ ഫറൂഖ്‌ ചെർപ്പുളശേരി മുഖേനയായിരുന്നു പണപ്പിരിവ്.




ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മലപ്പുറത്ത് അപൂർവ്വ രോഗം ബാധിച്ച കുട്ടിയ്ക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.

ആർക്കും പണം പിരിക്കാമെന്ന അവസ്ഥപാടില്ല. പണപ്പിരവിൽ സർക്കാർ നിയന്ത്രണം വേണം. പണം നൽകുന്നവർ പറ്റിക്കെപാടാനും പാടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ചികിത്സയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അമ്മയും മകളും അറസ്റ്റിലായ വാർത്ത വരുന്നത്.

കുഞ്ഞിന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട പിതാവാണ് പരാതി നൽകിയത്. ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി.

ചേരാനല്ലൂർ സിഐ കെ ജി വിപിൻകുമാർ , എസ്ഐ സന്തോഷ് മോൻ, എഎസ്‌ഐ വി എ ഷുക്കൂർ, പി പി വിജയകുമാർ, എസ്‌സിപിഒ സിഗേഷ്, എൽ വി പോൾ, ഷീബ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

കുഞ്ഞിന്റെ ചിത്രവും അക്കൗണ്ട് നമ്പറും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. മറിയാമ്മയുടെ അക്കൗണ്ട് നമ്പറും ഫോണ്‍ നമ്പറുകളും ഉൾപ്പെടെയായിരുന്നു ചിത്രങ്ങൾ പ്രചരിപ്പിച്ചത്. മറിയാമ്മയുടെ മകന്‍ അരുണ്‍ ആണ് വ്യാജകാര്‍ഡ് തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

No comments