വെള്ളരിക്കുണ്ട് കല്ലഞ്ചിറ മണിക്കുട്ടിചാലിൽ പാലം യാഥാർത്ഥ്യമാകുന്നു കുഴിങ്ങാട് പ്രദേശത്തെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് താലൂക്ക് ആസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പവഴിയാകും
വെള്ളരിക്കുണ്ട്: ബളാൽ കല്ലംചിറയിലെ മണിക്കുട്ടിചാലിന് കാസർകോട് വികസന പാക്കേജിൽ പെടുത്തി മൈനർ ഇറിഗേഷൻ വകുപ്പ് 92 ലക്ഷം രൂപ ചെലവിൽ ക്രോസ്ബാർ കം ബ്രിജ് നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു. 2020ൽ ഇ.ചന്ദ്രശേഖരൻ മന്ത്രിയായിരുന്നപ്പോഴാണ് ഇവിടെ പദ്ധതി അനുവദിച്ചത്,പഞ്ചായത്ത് അംഗമായിരുന്ന ടോമി വട്ടക്കാട്ട് ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു. 2021 ഫെബ്രുവരിയിൽ ഭരണാനുമതിയും ലഭിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയായാൽ സെപ്തംബറിൽ തന്നെ പണി തുടങ്ങാനാകുമെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
പദ്ധതി നടപ്പിലായാൽ 200 ഹെക്ടർ സ്ഥലത്ത് ജലസേചന സൗകര്യവും ലഭ്യമാകും. മഴക്കാലമായാൽ കുഴിങ്ങാട് കോളനി ഉൾപ്പെടെയുള്ള നൂറു കണക്കിന് കുടുംബങ്ങൾക്ക് ആശുപത്രി, സ്കൂൾ, പൊലീസ് സ്റ്റേഷൻ, അമ്പലം, പള്ളി, പൊലീസ് സ്റ്റേഷൻ, വെള്ളരിക്കുണ്ട് ടൗൺ എന്നിവിടങ്ങളിലെത്താൻ താൽക്കാലികമായി ഉണ്ടാക്കുന്ന മരപ്പാലം മാത്രമാണ് ആശ്രയം. ചാലിന്റെ ഇരുവശങ്ങളിലുമുള്ള കാട്ടുമരത്തിന്റ ശിഖരത്തിൽ കവുങ്ങിൻ തടി കെട്ടിയുണ്ടാക്കുന്ന പാലത്തിൽ നിന്നു വീണ് സ്കൂൾ വിദ്യാർഥികൾ അടക്കം ഒഴുക്കിൽപ്പെട്ടിരുന്നു. പാലത്തോടുകൂടിയുള്ള ചെക്ക് ഡാം വരുന്നതോടെ പതിറ്റാണ്ടുകളായുള്ള നാട്ടുകാരുടെ മുറവിളിക്ക് പരിഹാരമാകും.
No comments