കണ്ണൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ മൂന്നംഗ സംഘത്തിൽ നിന്ന് ആറ് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്
കണ്ണൂരിൽ ആറ് കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് എക്സൈസ് വ്യക്തമാക്കി.
കോഴിക്കോട് തിരുവണ്ണൂർ അമേട്ടിൽ വീട്ടിൽ ബാലൻ മകൻ പി. സനൂപ് (31) , ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജിൽ ഗംഗാധർ മകൻ മുന്ന ആചാരി (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജിൽ ശങ്കർ നിവാസിൽ ശങ്കർ നാരായണ ആചാരി (27) എന്നിവരാണ് എക്സൈസിന്റെ വലയിലായത് .
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. ആനന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലോക്ക്ഡൗൺ കാലമാലയതിനാൽ അമിത ലാഭം പ്രതീക്ഷിച്ചാണ് പ്രതികൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ചെറുകിട വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന പ്രധാനികളാണ് പിടിക്കപ്പെട്ട മൂന്നുപേരും.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പി. ടി. യേശുദാസ്, പ്രിവൻ്റീവ് ഓഫീസർമാരായ ജോർജ് ഫെർണാണ്ടസ്, എം. കെ. സന്തോഷ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. രജിരാഗ്, കെ. ബിനീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ കെ. വി. ഹരിദാസൻ, എഫ്. പി. പ്രദീപ് എന്നിവരടങ്ങിയ എക്സൈസ് സംഘമാണ് സാഹസികമായി കഞ്ചാവ് കടത്തു സംഘത്തെ വലയിലാക്കിയത്.
പ്രതികളെ ചോദ്യം ചെയ്തതിൽ എക്സൈസിന് അന്തർ-സംസ്ഥാന മയക്കുമരുന്നു കടത്തു സംഘത്തെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പിടികൂടിയ മൂന്നു പേരെയും ഇന്ന് കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. തുടർനടപടികൾ വടകര എൻ. സി. പി. എസ്. കോടതിയിൽ നടക്കും.
No comments