കശ്മീരിലെ ഏറ്റുമുട്ടൽ; മലയാളി ജവാൻ ഉൾപ്പെടെ രണ്ടുപേർക്ക് വീരമൃത്യു കോഴിക്കോട് സ്വദേശിയായ നായിബ് സുബേദാർ എം. ശ്രീജിത്ത് ആണ് വീരമൃത്യു വരിച്ചത്
ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സ്ഥലത്തും മറ്റുമായി ഉണ്ടായ മൂന്ന് വെടിവയ്പുകളിൽ മലയാളി ജവാൻ ഉൾപ്പെടെ രണ്ട് സൈനികർക്ക് വീരമൃത്യു. കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറേ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം. ശ്രീജിത്ത്, 42, സിപായി എം. ജസ്വന്ത് റെഡ്ഢി എന്നിവരാണ് വീരമൃത്യു വരിച്ചത്.
ആക്രമണത്തിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു.
തിരുവങ്ങൂർ മാക്കാട വത്സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ ഷജിന. അതുൽജിത്ത്, തന്മയ ലക്ഷ്മി എന്നിവരാണ് മക്കൾ. റാണി, അനൂപ് എന്നിവർ സഹോദരങ്ങളാണ്. മാർച്ച് ആദ്യവാരം ശ്രീജിത്ത് നാട്ടിലെത്തിയിരുന്നു.
"സുന്ദർബാനി സെക്ടറിലെ ദാദൽ വനമേഖലയിൽ സൈന്യത്തിന്റെ തിരച്ചിൽ സംഘം വ്യാഴാഴ്ച തീവ്രവാദികളുമായി ഏറ്റുമുട്ടലിൽ ഏർപ്പെട്ടു. തീവ്രവാദികൾ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. പാകിസ്ഥാനിൽ നിന്നുള്ള രണ്ട് വിദേശ തീവ്രവാദികൾ കൊല്ലപ്പെടുകയും രണ്ട് എകെ 47 റൈഫിളുകളും വെടിക്കോപ്പുകളും കണ്ടെടുക്കുകയും ചെയ്തു. നായിബ് സുബൈദാർ ശ്രീജിത്ത്. എം, സിപായി മാരുപ്രോലു ജസ്വന്ത് റെഡ്ഡി എന്നിവർ വീരമൃത്യു വരിച്ചു, ”എന്ന് ജമ്മു ആസ്ഥാനമായുള്ള കരസേന വക്താവ് അറിയിച്ചതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു.
പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജൗരിയിലെ സുന്ദർബാനി സെക്ടറിലെ ദാദൽ പ്രദേശത്ത് നുഴഞ്ഞുകയറ്റവും തീവ്രവാദികളുടെ നീക്കവും സംബന്ധിച്ച വിവരങ്ങൾ ലഭിച്ച ശേഷമാണ് സൈന്യം പ്രവർത്തനം ആരംഭിച്ചത്. ജൂൺ 29 മുതൽ സൈന്യം വിപുലമായ തിരച്ചിൽ നടത്തുകയാണെന്നും വക്താവ് പറഞ്ഞു.
No comments