Breaking News

കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം




പാലക്കാട്: കൂടത്തായി മോഡൽ കൊലപാതക ശ്രമം പാലക്കാടും. ഭർതൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് പ്രതി.

ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 മുതല്‍ 2015 വരെ ഭർതൃപിതാവായ മുഹമ്മദിന്(59) രണ്ട് വർഷത്തോളം ഭക്ഷത്തിൽ മെത്തോമൈല്‍ എന്ന വിഷ പദാര്‍ഥം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. നിരന്തരം വയറുവേദനയും ഛർദിയും അനുഭവിച്ച മുഹമ്മദ് ചികിത്സയിലായിരുന്നു.


ഇതിനിടയിലാണ് ഫസീല ഭക്ഷണത്തിൽ വിഷം കലർത്തുന്നത് മുഹമ്മദ് നേരിട്ട് കണ്ടത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഭര്‍ത്താവിന്റെ മുത്തശ്ശിയെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന കേസിലും ഒറ്റപ്പാലം കോടതിയില്‍ ഫസീല വിചാരണ നേരിടുകയാണ്.

മുഹമ്മദിന്റെ പരാതിയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും പൊലീസ് മെത്തോമൈല്‍ കണ്ടെത്തിയിരുന്നു. ഇതേ വിഷാംശത്തിന്റെ സാന്നിധ്യമാണ് മുഹമ്മദിന്റെ ശരീരത്തിലും കണ്ടെത്തിയത്

2016 ലാണ് ഫസീലയുടെ ഭർത്താവിന്റെ മുത്തശ്ശി നബീസ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. 71 വയസ്സുണ്ടായിരുന്ന നബീസ ക്ലോര്‍പൈറിഫോസ് എന്ന വിഷപദാര്‍ഥം അകത്തു ചെന്നാണ് മരിക്കുന്നത്. നബീസ കൊല്ലപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. ഭർതൃപിതാവിനോടും മുത്തശ്ശിയോടുമുള്ള മുൻവൈരാഗ്യമാണ് ഫസീലയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.


2019 ഒക്ടോബര്‍ അഞ്ചിനായിരുന്നു കൂടത്തായി കേസിൽ ജോളി അറസ്റ്റിലാകുന്നത്. 14 വര്‍ഷങ്ങള്‍ക്കിടെ ആറ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് കേരളത്തെ ഞെട്ടിച്ച് ജോളിയെ അറസ്റ്റ് ചെയ്തത്.

No comments