മാഹിയിൽ ഇന്ന് മുതൽ മദ്യത്തിന് വില കൂടും; പുതുച്ചേരി സർക്കാർ 20 ശതമാനം വില വർദ്ധിപ്പിച്ചു
മാഹി: പുതുച്ചേരി സർക്കാർ എല്ലാത്തരം മദ്യങ്ങളുടെയും വില 20 ശതമാനം വർദ്ധിപ്പിച്ചു. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരുമെന്ന് എക്സൈസ് വകുപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. പുതുച്ചേരി ഭരണകൂടം ഈ വർഷം ഏപ്രിലിൽ മദ്യത്തിന്റെ 7.5 ശതമാനം പ്രത്യേക കോവിഡ് ലെവി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്ന് പുതുച്ചേരിയിൽ മദ്യത്തിന് വില കുറയാൻ ഇത് കാരണമായിരുന്നു. ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
പ്രത്യേക എക്സൈസ് തീരുവയുടെ സാധുത ഏപ്രിൽ ഏഴു മുതൽ അവസാനിപ്പിക്കാനുള്ള എക്സൈസ് വകുപ്പിന്റെ നിർദ്ദേശത്തിന് ലഫ്റ്റനന്റ് ഗവർണർ തമിഴ്സായ് സൗന്ദരരാജൻ അംഗീകാരം നൽകിയിരുന്നു. ഇതേത്തുടർന്ന്, കേന്ദ്രഭരണ പ്രദേശത്ത് മദ്യത്തിന് വിലക്കുറവ് പ്രാബല്യത്തിൽ വന്നിരുന്നു.
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മദ്യശാലകൾ അടച്ചിടാൻ തമിഴ്നാട് തീരുമാനിച്ചതോടെ പുതുച്ചേരിയിലേക്ക് കൂടുതൽ പേർ മദ്യം വാങ്ങാനായി എത്തിത്തുടങ്ങി. ഇതോടെയാണ് മെയ് മാസത്തിൽ പുതുച്ചേരിയിൽ അധിക നിരക്ക് ഈടാക്കിയത്. എന്നാൽ ഇപ്പോൾ 20 ശതമാനം വില വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തോട് ചേർന്നു കിടക്കുന്ന പുതുച്ചേരിയിലെ പ്രദേശമായ മാഹിയിൽ മദ്യം വാങ്ങുന്നതിനായി കേരളത്തിൽനിന്ന് നിരവധിയാളുകൾ എത്താറുണ്ട്. കേരളത്തെ അപേക്ഷിച്ച് മാഹിയിൽ മദ്യത്തിന് വില കുറവായിരുന്നു
No comments