പരദേവതയായി ഭക്തർക്ക് മുന്നിൽ നിറഞ്ഞാടി അനുഗ്രഹം ചൊരിഞ്ഞ ഇടത്തോടിൻ്റെ സ്വന്തം പാലായി കൃഷ്ണൻ പരപ്പേൻ വിടവാങ്ങി
പരപ്പ: ഇടത്തോടിൻ്റെ സ്വന്തം പാലായി പരപ്പേൻ യാത്രയായി. പരദേവതായായി വേഷമണിഞ്ഞ് ഭക്തർക്ക് അനുഗ്രാശിസ്സുകൾ നൽകി ദശാബ്ദക്കാലം നിറഞ്ഞാടിയ പാലായി കൃഷ്ണൻ പണിക്കർ പരപ്പേൻ (79) അന്തരിച്ചു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തെയ്യം അനുഷ്ഠാനത്തോടുള്ള അചഞ്ചലമായ ആത്മാർത്ഥതയും അർപ്പണ മനോഭാവവും അചഞ്ചലമായ വിശ്വാസവും അദേഹത്തിൻ്റെ തെയ്യക്കോലങ്ങളിൽ തെളിഞ്ഞ് കണ്ടിരുന്നു . അറുപത് വർഷത്തോളമായി കാസർഗോഡ് ജില്ലയിലെ കാവുകളിലും പള്ളിയറകളിലും സജീവ സാനിദ്ധ്യമായിരുന്നു ഈ വിഷ്ണുമൂർത്തി ഭക്തൻ.
അള്ളടസ്വരൂപത്തിലെ പരപ്പച്ചേരിക്കല്ലുൾപ്പടെ മലയോരമേഖലയിലെ നിരവധി കാവുകളിലെയും ദേവസ്ഥാനങ്ങളിലെയും തെയ്യം അനുഷ്ഠാന പാരമ്പര്യ ജന്മാവകാശിയും പ്രശസ്ത തെയ്യക്കോലധാരിയുമായപാലായി കൃഷ്ണൻ പരപ്പേൻ കഴിഞ്ഞ 60 വർഷക്കാലമായി എടത്തോട് ചെരിപ്പാടിത്തറവാട്, പരപ്പ മുണ്ട്യക്കാവ്, ക്ലായിക്കോട് കൊട്ടാരം, ബളാൽ പള്ളിയറക്കാൽ, മലോം കൂലോം, ചുള്ളി വിഷ്ണുമൂർത്തി ക്ഷേത്രം, തുടങ്ങി ഒട്ടേറെ ദേവസ്ഥാനങ്ങളിൽ കൃഷ്ണൻ പരപ്പേൻ വിഷ്ണുമൂർത്തി , ചാമുണ്ഡി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
ലക്ഷ്മിയാണ് ഭാര്യ. മക്കൾ: അനിൽ പണിക്കർ, പ്രദീപ് (തെയ്യം കലാകാരൻ), പ്രവീൺ (താലൂക്ക് ഓഫീസ് വെള്ളരിക്കുണ്ട് ) മരുമകൾ രേഷ്മ. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എടത്തോട് വീട്ടുവളപ്പിൽ
No comments