Breaking News

‘സ്വകാര്യത സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധം’; പെഗാസെസിനെ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസർക്കാർ




പെഗാസെസിനെ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെ നിരീക്ഷിച്ചെന്ന വാദം തള്ളി കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കെട്ടിച്ചമച്ച കഥകളാണ് യാഥാർത്ഥ്യമെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്രസർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.





ഉന്നതരുടെ ഫോൺ വിവരങ്ങൾ ചേർത്തപ്പെട്ടതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. കേന്ദ്രമന്ത്രിമാർ, ആർ.എസ്എസ് നേതാക്കൾ, സുപ്രിംകോടതി ജഡ്ജിമാർ, ജേണലിസ്റ്റുകൾ, തുടങ്ങിയവരുടെ ഫോൺ ചോർത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. തുടർന്ന് വിദേശമാധ്യമങ്ങളായ വാഷിംഗ്ടൺ പോസ്റ്റും ഗാർഡിയനും അടക്കം പതിനേഴ് മാധ്യമങ്ങളുടെ കൂട്ടായ്മ ഫോൺ ചോർത്തലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു.


ഫോൺ ചോർത്തപ്പെട്ടവരിൽ രണ്ട് കേന്ദ്രമന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, സുപ്രിംകോടതി ജഡ്ജി, നാല്പതിലേറെ മാധ്യമപ്രവർത്തകർ ഉൾപ്പെടുന്നതായാണ് മാധ്യമകൂട്ടായ്മയുടെ കണ്ടെത്തൽ. ലോകത്തെ പത്തോളം രാജ്യങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോൺ ചോർത്തലിന് പിന്നിലെന്നും മാധ്യമ കൂട്ടായ്മ ആരോപിക്കുന്നു. എന്നാൽ ഇത് തീർത്തും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. നിയമവിരുദ്ധമായിട്ട് ഒരു നിരീക്ഷണവും കേന്ദ്രസർക്കാർ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാൻ സർക്കാർ ഏജൻസികൾക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

No comments