Breaking News

പെരുന്നാൾ പ്രമാണിച്ചുള്ള ഇളവുകൾ ഇന്ന് മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റ് വ്യാപാരസ്ഥാപനങ്ങളും ഇന്ന് മുതൽ മൂന്ന് ദിവസം പ്രവർത്തിക്കും



ബലിപെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍. വാരാന്ത്യ ലോക്ഡൗണിലും ഇളവുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റ് വ്യാപാര സ്ഥാപനങ്ങളും ഇന്ന് മുതല്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കും. എന്നാല്‍ മദ്യശാലകള്‍ ഇന്ന് തുറക്കില്ല. പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്ക്ഡൌണില്‍ ഇന്ന് ഇളവ് ഏര്‍പ്പെടുത്തിയത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വർണക്കട എന്നിവയും ഇന്ന് തുറക്കും. രാത്രി എട്ടു വരെയാണ് കടകളുടെ പ്രവര്‍ത്തന സമയം.




എ, ബി, സി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളിലാണ് ഇളവുകള്‍ ബാധകമാവുക. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ ഭരണ സ്ഥാപന പരിധികളില്‍ നാളെ ഒരു ദിവസം എല്ലാ കടകളും തുറക്കാം. എ, ബി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങളില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരും. തിങ്കള്‍ മുതല്‍ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതല്‍ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി. അതേസമയം മദ്യശാലകൾ ഇന്ന് തുറക്കില്ല. സർക്കാർ വിജ്ഞാപനത്തിൽ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ നിശ്ചിത ആളുകള്‍ മാത്രമേ പ്രവേശിക്കുന്നുള്ളൂയെന്ന് ഉറപ്പാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും മതനേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവ നിരത്തിലുണ്ടാകും.


No comments