Breaking News

നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പോലീസ് പിടിയിൽ


നവമാധ്യമങ്ങളിലൂടെ കെണിയൊരുക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘത്തെ   പള്ളിക്കൽ പൊലീസ് അറസ്റ്റ്ചെയ്തു.  പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ ചങ്ങാത്തം സ്ഥാപിച്ചത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കുന്നത്.


പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതാണ്. 


കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകൾ സൈബർ വിംഗിന്റെ നിരീക്ഷണത്തിലാണ്. 


കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം  ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അവയുടെ അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.  ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പരുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പരുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങള്‍ ഇരയാക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. 


ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലര്‍ത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. 

അതിനാൽ രക്ഷിതാക്കൾ തീർച്ചയായും ജാഗ്രത പാലിക്കുക.

No comments