Breaking News

ഉരുള്‍പൊട്ടല്‍ പോലെയുള്ള പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യാ സഹായവുമായി ഡിജിറ്റല്‍ സര്‍വകലാശാല


തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ പോലെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കാര്‍ഷിക പ്രതിസന്ധികള്‍ നേരിടുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യാ സഹായവുമായി ഡിജിറ്റല്‍ സര്‍വകലാശാല. ഉരുള്‍പൊട്ടലിനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ തോട്ടങ്ങളെ വിവിധ മേഖലകളായി തരംതിരിച്ച ഭൂപടം റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ഡിജിറ്റല്‍ സര്‍വകലാശാല തയ്യാറാക്കിയത്.

കൃഷി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടോ എന്ന് തിരിച്ചറിഞ്ഞ് യോജിച്ച കൃഷിരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് സോണെഷന്‍ അറ്റ്‌ലസ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം, രാജ്യത്തെ റബ്ബര്‍ തോട്ടങ്ങളുടെ കണക്കെടുപ്പിനായി റബ്ബര്‍ ബോര്‍ഡുമായി ചേര്‍ന്ന് റുബക് (RUBAC) എന്നൊരു മൊബൈല്‍ ആപ്പും ഡിജിറ്റല്‍ സര്‍വകലാശാല പുറത്തിറക്കിയിട്ടുണ്ട്. റബ്ബര്‍ കര്‍ഷകരുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കാന്‍ ഈ കണക്കെടുപ്പിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

റബ്ബര്‍ തോട്ടങ്ങളിലെ മണ്ണിന്റെ ജൈവ സമ്പുഷ്ടി മനസിലാക്കി ആവശ്യമുള്ള വളം നിര്‍ദ്ദേശിക്കുന്നതിന് റബ്‌സിസ് (RubSiS) എന്ന സങ്കേതം റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, റബ്ബര്‍ ബോര്‍ഡ്, കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്മന്റ് ഇന്‍ കേരള (IIITMK) എന്നിവ ചേര്‍ന്ന് 2017-ല്‍ തയ്യാറാക്കിയിരുന്നു. റബ്‌സിസിന്റെ വിജയത്തെ തുടര്‍ന്ന് ഈ സാങ്കേതിക വിദ്യ ഏലതോട്ടങ്ങളിലും ഉപയോഗിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാല, റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, എന്നിവ ചേര്‍ന്ന് ധാരണാപത്രം കൈമാറി. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ. എന്‍ രാഘവന്‍, സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.സത്യന്‍ ഐ.എഫ്.എസ്, ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ടി.രാധാകൃഷ്ണന്‍, റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ.ജെസ്സി എം.എസ് എന്നിവര്‍ പങ്കെടുത്തു.

"മുന്‍പ് ബാഹ്യമായ പിന്തുണ നല്‍കിയിരുന്ന വിവര സാങ്കേതിക വിദ്യ ഇപ്പോള്‍ എല്ലാ മേഖലകളുടെയും കാതലായ ഘടകമായി മാറിയിരിക്കുന്നു. റബ്ബര്‍ കര്‍ഷകര്‍ക്ക് വിദഗ്ധ നിര്‍ദേശങ്ങളുള്‍പ്പടെ സമഗ്രമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന ഒരു പോര്‍ട്ടലാണ് അടുത്തതായി തയ്യാറാക്കാന്‍ പോകുന്നത്, " ഡോ.സജി ഗോപിനാഥ് പറഞ്ഞു.

എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ സേവനങ്ങള്‍ക്ക് പകരം വെക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കാന്‍ പ്രാപ്തമായ മൊബൈല്‍-വെബ് സൗകര്യങ്ങളാണ് ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് തയ്യാറാക്കാന്‍ പോകുന്നതെന്ന് ഡോ.കെ.എന്‍. രാഘവന്‍ അറിയിച്ചു.

സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് തയ്യാറാക്കിയ ഉരുള്‍പൊട്ടല്‍ സാധ്യത രേഖയും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ച് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് മേഖലകള്‍ തരം തിരിച്ചത്. ഇത് അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ് ഭൂപടം തയ്യാറാക്കിയത്. മേഖല അടിസ്ഥാനത്തില്‍ തിരിച്ചിട്ടുള്ള ഭൂപടം (https://lsz.rubberboard.org.in) വഴി കര്‍ഷകര്‍ക്ക് നേരിട്ട് വിവരങ്ങള്‍ ലഭ്യമാകും.

നൂതന സാങ്കേതിക വിദ്യകളായ ജിയോ സ്‌പേഷ്യല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ കൊണ്ട് റബ്ബര്‍ കൃഷിയ്ക്ക് സഹായകമാകുന്ന പുതിയ സങ്കേതങ്ങള്‍ തയ്യാറാക്കുകയാണ് സെന്റര്‍ ഫോര്‍ ജിയോ സ്‌പേഷ്യല്‍ അനലിറ്റിക്‌സ്.


No comments