Breaking News

പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചാലും കോവിഡ് മരണമായി കണക്കാക്കണം: സുപ്രീംകോടതി


ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി മൂന്നുമാസത്തിനകം മരിച്ചവരുടെ മരണസർട്ടിഫിക്കറ്റിലും മരണകാരണം കോവിഡാണെന്ന് രേഖപ്പെടുത്തുന്നകാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. കോവിഡ് ബാധിച്ചശേഷം മറ്റു സങ്കീർണതകൾകൊണ്ട് ആശുപത്രിയിലോ വീട്ടിലോ വെച്ച് മരിച്ചാൽ ഇത്തരത്തിൽ മരണ സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മരണ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് മാർഗരേഖയിറക്കാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

കോവിഡിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട കേസിലെ വിധിയിലാണ് മരണ സർട്ടിഫിക്കറ്റ് നടപടിക്രമങ്ങൾ ലളിതമാക്കാൻ സുപ്രീംകോടതി നിർദേശം നൽകിയത്. ഈ രേഖയിലെ മരണകാരണത്തിൽ ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പരിഹരിക്കാനും സംവിധാനമുണ്ടാക്കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിനുള്ള മാർഗരേഖയുണ്ടാക്കുമ്പോൾ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽക്കാണണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

രജിസ്റ്ററിങ് അതോറിറ്റികൾക്കായി ഇറക്കിയ മാർഗനിർദേശങ്ങൾ പരിശോധിച്ചതായി സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ട കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.

4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ, തുക എത്രയെന്നു പറയാതെ ഉചിതമായ തുക സർക്കാർ നൽകണമെന്നാണ് നിർദേശിച്ചത്. ഇതിനായി ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക മാർഗരേഖ തയാറാക്കാനും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ധനകാര്യ കമ്മിഷൻ നിർദേശിച്ചതു പ്രകാരം ശ്മശാന ജീവനക്കാർക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതി രൂപീകരിക്കുന്ന കാര്യവും പരിഗണിക്കാൻ നി‍ർദേശമുണ്ട്.


കോവിഡോ ഇതിനെ തുടർന്നുള്ള മ്യൂക്കർമൈക്കോസിസോ (ബ്ലാക്ക് ഫംഗസ്) ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു 4 ലക്ഷം രൂപ നഷ്ടപരിഹാരവും കോവിഡ് മരണ സർട്ടിഫിക്കറ്റുകൾക്ക് ഏകീകൃത രൂപവും വേണമെന്നാണ് ഹർജിക്കാർ വാദിച്ചത്. അഭിഭാഷകരായ റീപക് കൻസാൽ, ഗൗരവ് കുമാർ ബൻസാൽ എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാമ്പത്തിക ബാധ്യത പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴി‍യാൻ സർക്കാരിനു കഴിയില്ലെന്നു ബെഞ്ചിലെ ജസ്റ്റിസ് എം ആർ ഷാ പറഞ്ഞു. നഷ്ടപരിഹാരം നിയമപരവും നിർബന്ധിതവുമാണെന്നും വിവേചനപരമല്ലെന്നും കോടതി പറഞ്ഞു.


കോവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായ തീയതിയും യഥാർഥ കാരണവും വ്യക്തമാക്കിയിരിക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. മരണ കാരണം രേഖപ്പെടുത്തിയതിൽ കുടുംബത്തിന് ആക്ഷേപമുണ്ടെങ്കിൽ തിരുത്തൽ വരുത്താനും സംവിധാനമുണ്ടാകണം. സർട്ടിഫിക്കറ്റ് നടപടികൾ ലളിതമാക്കി മാർഗരേഖയിറക്കണം. - കോടതി നിർദേശിച്ചു.

No comments