Breaking News

വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റം




തിരുവനന്തപുരം: വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴി ഫോണിൽ സംസാരിക്കുന്നത് 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കൈയിൽ പിടിച്ചു സംസാരിക്കുന്നത് നേരത്തേ ലൈസൻസ് റദ്ദാക്കുന്ന കുറ്റമായിരുന്നെങ്കിലും 2019 ലെ കേന്ദ്ര മോട്ടർ വാഹന നിയമഭേദഗതി വന്നപ്പോൾ സെക്‌ഷൻ 184 (സി) വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് 2000 രൂപ പിഴയായി മാറിയത്. ഇതേ കുറ്റത്തിന് 3 വർഷത്തിനിടെ രണ്ടാമതും പിടിച്ചാൽ പിഴ 5000 രൂപയാണ്.



കൈയിൽ ഫോൺ പിടിച്ചു സംസാരിക്കുന്നതും ബ്ലൂടൂത്ത് വഴി സംസാരിക്കുന്നതും ഡ്രൈവിങ്ങിലെ ശ്രദ്ധയെ ബാധിക്കുമെന്നതാണ് കമ്മിഷണറേറ്റിന്റെ വിശദീകരണം. മറ്റൊരാളുടെ സംസാരത്തിൽ ശ്രദ്ധിക്കുമ്പോൾ കാഴ്ചയിലും മറ്റു പ്രവർത്തനത്തിലും പൂർണമായും ശ്രദ്ധിക്കാനാകില്ല. എന്നാൽ, കാറിൽ പാട്ടുകേൾക്കുന്നത് ഈ ഗണത്തിൽ വരില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റൊരാളുമായുള്ള ആശയവിനിമയമാണ് ശ്രദ്ധ മാറ്റുന്നതെന്നും അധികൃതർ പറയുന്നത്.


വാഹനമോടിക്കുമ്പോൾ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസൻസ് റദ്ദാക്കാമെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് അറിയിച്ചത്. എന്നാൽ നിയമപ്രശ്നം കാരണം ഇതു നടപ്പാക്കുക എളുപ്പമാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 184 ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിർവചിക്കുന്നത്. പഴയ നിയമത്തിൽ 'കൈകൊണ്ടുള്ള മൊബൈൽഫോൺ ഉപയോഗം' എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 2019ലെ ഭേദഗതിയോടെ ഇത് 'കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികൾ’ എന്നു മാറ്റി.


ഈ കുറ്റത്തിന് ലൈസൻസ് റദ്ദാക്കണമെങ്കിൽ മോട്ടോർവാഹന നിയമത്തിൽ ഇനിയും ഭേദഗതി വേണ്ടിവരുമെന്ന് വ്യക്തം. എന്നാൽ ഇതിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല. നിലവിലെ സാഹചര്യത്തിൽ ലൈസൻസ് റദ്ദാക്കിയാൽ കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകാനിടയുണ്ട്. അതുകൊണ്ട് പൊലീസിന്റെ നിർദേശം ഏതു രീതിയിൽ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലവിലുണ്ട്.

No comments