Breaking News

കാർ- ഭവന-വ്യക്തിഗത വായ്പകളിൽ ഇളവുകൾ പ്രഖ്യാപിച്ച് എസ്ബിഐ; വിശദാംശങ്ങൾ അറിയാം


കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കുന്ന ഈ വേളയിൽ
ഉപഭോക്താക്കൾക്ക് ഓഫറുകളുടെ പെരുമഴയുമായി എസ്ബിഐ. റീട്ടെയിൽ വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകൾ. ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് ഇളവുകൾ പ്രഖ്യാപിച്ച എസ്ബിഐ കാര്‍ വായ്പകള്ക്കും 100 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പയും ലഭിക്കും.




യോനോ വഴി കാർ വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പലിശയിൽ 25 ബിപിഎസ് കുറവും ഓഫറുണ്ട്. കാർ വാങ്ങാൻ പ്ലാനുള്ള യോനോ ഉപഭോക്താക്കൾക്ക് 7.5 ശതമാനം വാർഷിക പലിശയിൽ വായ്പ ലഭ്യമാകും. സ്വർണ വായ്പകളിലും ഇളവുകളുണ്ട്. പലിശ നിരക്കിൽ 75 ബിപിഎസ് കുറച്ചു. 7.5 ശതമാനം വാർഷിക പലിശയിൽ ഉപഭോക്താക്കൾക്ക് എല്ലാ ചാനലുകളിലൂടെയും സ്വർണ വായ്പ ലഭിക്കും. യോനോ വഴി സ്വർണ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്ക്ക് പ്രോസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.



വ്യക്തഗത, പെൻഷൻ വായ്പകൾക്ക് ബാങ്ക് 100 ശതമാനം പ്രോസസിങ് ഫീസ് ഒഴിവാക്കി. വ്യക്തിഗത വായ്പകൾക്ക് അപേക്ഷിക്കുന്ന ആരോഗ്യ രംഗത്തെ കോവിഡ് മുന്നണി പോരാളികൾക്ക് ബാങ്ക് പലിശയിൽ 50 ബിപിഎസ് കുറവു വരുത്തിയിട്ടുണ്ട്. കാർ, സ്വർണ വായ്പാ അപേക്ഷകൾക്കും ഇത് ഉടൻ പ്രബല്യത്തിൽ വരും.


റീട്ടെയിൽ നിക്ഷേപകർക്ക് ബാങ്ക് 75-ാം സ്വാതന്ത്ര്യ വാർഷികാചരണത്തിന്റെ ഭാഗമായി 'പ്ലാറ്റിനം ടേം ഡെപോസിറ്റ്' അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബര് 14വരെ കാലയളവില് 75 ദിവസത്തേക്കും 75 ആഴ്ചത്തേക്കും 75 മാസത്തേക്കുമുള്ള ടേം നിക്ഷേപങ്ങള്ക്ക് 15 ബിപിഎസ് വരെ അധിക പലിശ ലഭിക്കും.



ഉത്സവ കാലത്തിന് മുന്നോടിയായി നിരവധി ഓഫറുകൾ പ്രഖ്യാപിക്കുന്നതിൽ ആഹ്ളാദമുണ്ടെന്നും ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് വായ്പകളിൽ ഒരുപാട് ലാഭമുണ്ടാക്കുമെന്നും അതോടൊപ്പം ഉത്സവത്തിന് മാറ്റു കൂട്ടുമെന്നും വിശ്വസിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ട സാമ്പത്തിക പരിഹാരങ്ങൾ ഓഫർ ചെയ്യാൻ‌ എസ്ബിഐ എന്നും ശ്രമിക്കുമെന്നും എസ്ബിഐ, റീട്ടെയിൽ ആൻഡ് ഡിജിറ്റൽ ബാങ്കിങ്, എം ഡി സി.എസ്. സെട്ടി പറഞ്ഞു.

No comments