കണ്ണൂരിൽ അറസ്റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; ഇന്ന് ഡൽഹിയിലെത്തിക്കും
കണ്ണൂർ: ഐ എസ് ബന്ധത്തെ തുടർന്ന് എൻ.ഐ.എ. കണ്ണൂരിൽ അറസ്റ്റ് ചെയ്ത യുവതികളെ ഇന്ന് ഡൽഹിയിലെത്തും. ഷിഫ ഹാരിസും മിസ്ഹ സിദ്ദീഖും ഐ എസ് നിയന്ത്രണമുള്ള പ്രദേശത്തേക്ക് പോകാൻ പദ്ധതി ഇട്ടിരുന്നായി എൻ.ഐ.എ. കണ്ടെത്തി. ഐഎസ് റിക്രൂട്ടിംങ്ങിനും ആശയ പ്രചരണത്തിനും ഇരുവരും നടത്തിയ നീക്കങ്ങളെ സംബന്ധിച്ചും എൻഐഎക്ക് തെളിവുകൾ ലഭിച്ചു.
കണ്ണൂരിൽ ഇന്നലെ അറസ്റ്റിലായ തായത്തെരു കലിമ ഹൗസിൽ ചെയ്ക്കിന്റകത്ത് ഷിഫ ഹാരിസ്, താണ ഓർമ വീട്ടിൽ മിസ്ഹ സിദ്ദീഖ് എന്നിവരെ വിമാന മാർഗ്ഗം നാളെ എൻ.ഐ.എ. ഡൽഹിയിൽ എത്തിക്കും. ഷിഫ കശ്മീരിലിലുള്ള കൂട്ടാളി മുഹമ്മദ് വഖാർ ലോണിന് ഐഎസ് പ്രവർത്തനങ്ങൾക്ക് പണം അയച്ചു നൽകി. ഐഎസ് നിയന്ത്രണ പ്രദേശത്തേക്ക് പ്രവർത്തനങ്ങൾക്ക് പോകാനും പദ്ധതിയിട്ടിരുന്നു.
മിസ്ഹ സിദ്ദീഖ് സിറിയയിലേക്കുള്ള യാത്രയിൽ ടെഹ്റാനിൽ എത്തി. ഷിഫക്കും ബന്ധുവായ കണ്ണൂർ സ്വദേശി മുഷ്ഹാബ് അനുവറിനും ഐഎസ്സിൽ ചേരാൻ പ്രോത്സാഹനം നൽകിയതും മിസ്ഹ സിദ്ദീഖായിരുന്നു
യുവതികൾ ഉൾപ്പെടെ ഏഴ് പേർക്ക് എതിരെ കഴിഞ്ഞ മാർച്ചിലാണ് എൻഐഎ ഡൽഹിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. മലപ്പുറം കടന്നമണ്ണ സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതിയായ മുഷ്ഹാബ് അനുവർ നേരത്തെ പിടിയിലായിരുന്നു.
കൊല്ലം സ്വദേശി ഡോ. റഹീസ് റഷീദ്, പടന്ന സ്വദേശി ഇർഷാദ് എന്ന ബിലാൽ, അഞ്ചൽ സ്വദേശി രാഹുൽ മനോഹരൻ എന്ന രാഹുൽ അബ്ദുള്ള എന്നിവരും സംഘത്തിൽ ഉൾപ്പെട്ടതായാണ് എഫ്.ഐ.ആർ. വ്യക്തമാക്കുന്നത്. മുഹമ്മദ് അമീന് നേരിട്ട് ഐ.എസ്. ബന്ധമുള്ളതായും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സംഘം പലവിധത്തിൽ ധനസമാഹരണം നടത്തിയതായും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.
ഐ.എസ്. അനുകൂല ആശയപ്രചാരണത്തിന് ടെലിഗ്രാം, ഇൻസ്റ്റാഗ്രാം, ഹൂപ്പ് എന്നിവ പ്രയോജനപ്പെടുത്തി. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും എൻഐഎ പരിശോധിക്കുന്നു.
No comments