വെള്ളരിക്കുണ്ട് സി.എച്ച്.സി: ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രസിഡണ്ട് രാജു കട്ടക്കയം
വെള്ളരിക്കുണ്ട്: പി.എച്ച്.സി. ബ്ലോക്ക് ആരോഗ്യ കേന്ദ്രം ആക്കുന്നതിനുവേണ്ടി ബളാൽ ഗ്രാമ പഞ്ചായത്ത് യാതൊരു പ്രവർത്തനവും നടത്തിയിട്ടില്ലായെന്ന് സി. പി. എം. പാർട്ടി പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരോപണം ഉന്നയിക്കുകയുണ്ടായി. സി.പി.എം ഇടപെടലിന്റെ ഭാഗമായിട്ടാണ് വെള്ളരിക്കുണ്ട് പി. എച്ച്. സി. ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആക്കിയത് എന്നത് വാസ്തവ വിരുദ്ധമാണെന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പത്രസമ്മേളത്തിൽ അറിയിച്ചു. താലൂക്കിന്റെ ഉദ്ഘാടനത്തിന് വെള്ളരിക്കുണ്ടിൽ വന്ന അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ബളാൽ പഞ്ചായത്ത് ഭരണസമിതി വെള്ളരിക്കുണ്ട് പി എച്ച് സി യെ താലൂക്ക് ആശുപത്രിയോ സി.എച്ച്.സി. യോ ആക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഫയൽ ഉണ്ടായത്. ആ ഫയൽ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി ആരോഗ്യവകുപ്പിൽ ഫോളോപ്പ് പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് വെള്ളരിക്കുണ്ട് പി.എച്ച്.സി. യെ ബ്ലോക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ആയി ഉയർത്തിയത്. ഇപ്പോൾ പഞ്ചായത്തിൽ പി എച്ച് സി പ്രവർത്തിക്കുന്ന രണ്ട് ബിൽഡിംഗുകൾ ബളാൽ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച് സൌകര്യങ്ങൾ ഏർപ്പെടുത്തിയതാണ്. കൂടാതെ ഇപ്പോൾ രണ്ട് കോടി രൂപ ചെലവിൽ വെള്ളരിക്കുണ്ടിൽ നിർമ്മിക്കുന്ന കെട്ടിടവും പഞ്ചായത്ത് ഇടപെടലിന്റെ ഭാഗമായി തുക അനുവദിച്ച് പഞ്ചായത്ത് ഫണ്ടിൽ നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ ചെയ്ത് നിർമ്മിച്ച് വരുന്നത്. കാസർഗോഡ് ജില്ലയിൽ കിടത്തി ചികിത്സ ഉള്ള ഏക പി എച്ച് സി യാണ് വെള്ളരിക്കുണ്ട്. കോവിഡ് കാലത്ത് പഞ്ചായത്തിലെ ജനങ്ങൾക്ക് പരാതിക്ക് ഇട നൽകാതെ എല്ലാ സേവനങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് , കൊന്നക്കാട് പി എച്ച് സി കളിൽ ചെയ്ത് വരുന്നുണ്ട്.
കഴിഞ്ഞകാല പഞ്ചായത്ത് ഭരണസമിതികളുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് വെള്ളരിക്കുണ്ടിന് പുറമെ ബളാൽ പഞ്ചായത്തിൽ കൊന്നക്കാട് ഒരു പി എച്ച് സി കൂടി അനുവദിക്കപ്പെട്ടത്. കൊന്നക്കാട് പി എച്ച് സി യുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പുതിയ ഒരു കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കണമെന്ന് പഞ്ചായത്ത് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 1 കോടി 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി എൻ. എച്ച്. എം. 67 ലക്ഷം രൂപയും പഞ്ചായത്ത് 36 ലക്ഷം രൂപയും ചേർത്ത് 1 കോടി 3 ലക്ഷം രൂപയുടെ കെട്ടിടം പണി തുടങ്ങുന്നതിന് ഉള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടേറെ പ്രവർത്തനങ്ങൾ ബളാൽ പഞ്ചായത്ത് ഭരണസമിതി നടപ്പിലാക്കുന്നുണ്ട്. രാഷ്ട്രീയ പകപോക്കലിന് വേണ്ടി പഞ്ചായത്ത് ഭരണസമിതിയെ പൊതുജന മദ്ധ്യത്തിൽ അവമതി ഉണ്ടാക്കുന്നതിന് വേണ്ടി സി പി എം നടത്തുന്ന കുപ്രചരണങ്ങൾ ജനങ്ങൾ മനസ്സിലാക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം , വൈസ് പ്രസിഡണ്ട് എം.രാധാമണി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ജെ മാത്യു, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പത്മാവതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
No comments