Breaking News

ജനനി-ജന്മരക്ഷ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ആദിവാസികളെ സർക്കാർ വഞ്ചിക്കുന്നു: മലവേട്ടുവ മഹാസഭ


 



വെള്ളരിക്കുണ്ട്: പട്ടികവർഗത്തിൽപെട്ട ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം വാങ്ങിക്കഴിക്കാൻ മാസംതോറും നൽകിവരുന്ന തുക തടഞ്ഞുവച്ചുകൊണ്ട് സർക്കാർ ആദിവാസികളെ വഞ്ചിക്കുന്നുവെന്ന് മലവേട്ടുവ മഹാസഭ ജില്ലകമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ആദിവാസി ക്ഷേമത്തിനായി കോടികൾ ആണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത് എന്നാൽ സർക്കാരിന്റെ മറ്റുവകുപ്പുകൾക്ക് കൃത്യമായി തുക കൈമാറി വികസനപ്രവർത്തനങ്ങൾ നടത്തുമ്പോഴും ആദിവാസികൾക്ക് അനുവദിച്ച തുക കടലാസ്സിൽ തന്നെ ഒതുങ്ങുന്നുവെന്ന് മലവെട്ടുവ സഭ ആരോപിച്ചു. ഏകദേശം ആയിരത്തിലധികം ആളുകളാണ് കാസർഗോഡ് ജില്ലയിൽ മാത്രം 2018 മുതൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. ഇതിൽ കുറച്ചുപേർക്ക് ആദ്യ ഗഡു ലഭിച്ചുവെങ്കിലും മറ്റുള്ളവർക്ക് അതും ലഭിച്ചില്ല. പോഷകാഹാരക്കുറവ് മൂലം ആദിവാസിക്കുട്ടികൾ മരണപ്പെടുന്ന കണക്കുകൾ ഏറിവരുമ്പോഴും ജനനി -ജന്മരക്ഷ പോലുള്ള പദ്ധതികൾക്കുള്ള ഫണ്ടുകൾ അനുവദിക്കാതെ സർക്കാർ നിസംഗത പാലിക്കുകയാണ്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകേണ്ടുന്ന മറ്റു തുകകളും ഇതോടൊപ്പം അനുവദിക്കണം. ആദിവാസി ഊരുകളിൽ പടർന്നുപിടിക്കുന്ന കോവിഡ് -19 രോഗവും ലോക്ക്ഡൗണും ആദിവാസികളുടെ സാമ്പത്തിക സ്ഥിതിയാകെ തകർത്തിരിക്കുകയാണ്, അതിനിടയിലാണ് സർക്കാർ ആദിവാസികൾക്കർഹമായ ഫണ്ടുകൾ പലതും തടഞ്ഞുവച്ചുകൊണ്ട് തകർച്ചയുടെ ആഴം കൂട്ടിയിരിക്കുന്നത്. ഇനിയും ഫണ്ടുകൾ അനുവദിച്ചുതന്നില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും മലവേട്ടുവ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. പി കെ രാമചന്ദ്രൻ, അശോകൻ, ശശികുമാർ, പ്രദീപ്‌ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി കെ രാഘവൻ സ്വാഗതവും ട്രെഷറർ മധു നന്ദിയും പറഞ്ഞു

No comments