Breaking News

കാസർകോട്ട് ശനി മുതല്‍ തിങ്കള്‍ വരെ ഓറഞ്ച് അലേർട്ട്; ജാഗ്രത പുലർത്തണമെന്ന് ജില്ലാകലക്ടർ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണമെന്നും നിർദ്ദേശം



കാസർകോട്: വരുന്ന മൂന്ന് ദിവസം ജില്ലയിൽ  കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ   ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പ് ശനി മുതൽ തിങ്കൾ വരെ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിർദേശം.ഒറ്റപ്പെട്ട ഇടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 എം.എം മുതൽ 204.4 എം.എം വരെ  ലഭിക്കാനുളള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിട്ടുള്ളത്.പ്രസ്തുത  സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉൾപെടെയുള്ള

ദുരന്തസാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.


മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര ഒഴിവാക്കണം. ട്രകിംഗ് പരമാവധി ഒഴിവാക്കണം. കനത്ത മഴയെ തുടർന്ന് ജലാശയങ്ങളിൽ പെട്ടെന്ന് വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം.അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണം. റിസോർട്ട്,ഹോംസ്റ്റേ ഉടമകൾ ഇവിടങ്ങളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകേണ്ടതും, ആവശ്യമായ സുരക്ഷക്രമീകരണങ്ങൾ ഏർപെടുത്തേണ്ടതുമാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

No comments