Breaking News

നിക്ഷേപിച്ച പണം തിരിച്ച് കിട്ടുന്നില്ലെന്ന് പരാതി: ചിറ്റാരിക്കാലിലെ ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റിയുടെ നടപടിക്കെതിരെ സമരത്തിനൊരുങ്ങി നിക്ഷേപകർ


വെള്ളരിക്കുണ്ട്: ചിറ്റാരിക്കാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചു തരാതെ വഞ്ചിക്കുന്ന ഭരണസമിതിയുടെ നടപടിക്കെതിരെ അനിശ്ചിതകാല സമരത്തിന് തയ്യാറുകുമെന്ന് നിക്ഷേപകർ വെള്ളരിക്കുണ്ടിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്കെതിരെയാണ് ആരോപണവുമായി സഹകാരികൾ രംഗത്തിറങ്ങിയത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 200ഓളം വരുന്ന നിക്ഷേപകരുടെ 12 കോടിയോളം രൂപ തിരിച്ചു നൽകാനുണ്ടെന്നാണ് കണക്ക്. സ്ഥിര നിക്ഷേപമായി നൽകിയ തുക കാലാവധി കഴിഞ്ഞ് തിരിച്ചു നൽകുകയോ പുതുക്കി നൽകുകയോ പലിശ നൽകുകയോ ചെയ്യുന്നില്ലെന്നാണ് പ്രധാന പരാതി. വീടുവെക്കാനും മക്കളുടെ വിവാഹത്തിനും പഠനത്തിനും ഒക്കെയായി സ്വരൂപിച്ച് വെച്ച പണമാണ് ഓരോ ഡിപ്പോകളിലെയും ജീവനക്കാരെ ഉപയോഗിച്ച് സ്ഥാപനം നിക്ഷേപമായി വാങ്ങിയത്, ഇപ്പോൾ അത്യാവശ്യത്തിനുള്ള തുക ചോദിച്ചാൽ പോലും അധികൃതർ കൈമലർത്തുകയാണെന്ന് നിക്ഷേപകർ പറയുന്നു.   മൂന്ന് വർഷത്തിലധികമായി ഓരോ അവധികൾ പറഞ്ഞ് പറ്റിക്കുകയാണെന്നും ഇപ്പോൾ നിക്ഷേപം തിരിച്ച് ചോദിച്ച് എത്തുന്നവരോട് നിഷേധാത്മക നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്നും നിക്ഷേപകർ ആരോപിച്ചു. ബാധ്യതകളൊക്കെ മുൻ ഭരണസമി ഉണ്ടാക്കിയതാണെന്നും എനിക്ക് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്നുമാണ് ഇപ്പോഴത്തെ പ്രസിഡന്റിന്റെ മറുപടി. ആകെയുള്ള സമ്പാദ്യം മൊത്തമായി ഡിപ്പോസിറ്റ് ചെയ്ത പലരും ആത്മഹത്യയുടെ വക്കിലാണ്. സ്ഥിതി രൂക്ഷമായിട്ടും നിക്ഷേപകരിൽ ഭൂരിഭാഗവും കോൺഗ്രസ് കുടുംബാഗങ്ങളായിട്ടും പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വവും തയ്യാറാവുന്നില്ലെന്നും ആക്ഷേപമുണ്ട്. നിക്ഷേപകരുടെ പണം തട്ടിച്ച സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുത്ത് പാവപ്പെട്ട നിക്ഷേപകർക്ക് അത് തിരിച്ചു ലഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പണം തിരിച്ചു തരാൻ തയ്യാറാകാത്തപക്ഷം സൊസൈറ്റിയുടെ ചിറ്റാരിക്കാലിലെ ഹെഢ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങാനും തീരുമാനമുണ്ട്. വെള്ളരിക്കുണ്ട് പ്രസ്ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ എം.പി ബാബു ഞണ്ടാടി, കെ കൃഷ്ണൻ പുലിയന്നൂർ, ജോസഫ് വാരണത്ത്, ബേബി മഠത്തിപറമ്പിൽ എന്നിവർ പങ്കെടുത്തു.

1 comment:

  1. കമ്മീഷനടിക്കുന്ന പ്രസിഡന്റ്‌ മാരും അർഹതയില്ലാത്ത സ്ഥാനം കിട്ടിയ ഡയറക്ടർ മാരും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു കൂട്ട് നിൽക്കുന്ന ജീവനക്കാരും ഉള്ള കോൺഗ്രെസ്സുകാരും സ്ഥാപനങ്ങളും ഇത് പോലെ കോൺഗ്രസ്‌ നശിപ്പിക്കുന്നതിനു തടയിടാൻ കഴിയാത്ത നേതൃത്വം ആണ് ഇന്ന് ജില്ലയിൽ കോൺഗ്രസിനുള്ളത്

    ReplyDelete