Breaking News

വിവിധ സേനകളിലായി 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; പത്താം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

കോൺസ്റ്റബിൾ (ജി.ഡി.) -സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (ജി.ഡി.) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 25271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.


ഒഴിവുകൾ: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്-7545, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റൻ ബോർഡർ പോലീസ്-1431, സശസ്ത്ര സീമ ബെൽ-3806, അസം റൈഫിൾസ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.


യോഗ്യത: അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളിൽ യോഗ്യത നേടാത്തവർ അപേക്ഷിക്കാൻ അർഹരല്ല. ഉദ്യോഗാർഥികൾ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ (മാർക്ക് ഷീറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്) ഹാജരാക്കണം. എൻ.സി.സി. സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസെന്റീവ്/ബോണസ് മാർക്ക് ലഭിക്കും. എൻ.സി.സി. ഇ സർട്ടിഫിക്കറ്റുള്ളവർക്ക് 5 ശതമാനം മാർക്കും ആ സർട്ടിഫിക്കറ്റുള്ളവർക്ക് 3 ശതമാനം മാർക്കും അ സർട്ടിഫിക്കറ്റുള്ളവർക്ക് 2 ശതമാനം മാർക്കും ലഭിക്കും.


പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും വയസ്സിളവ് ലഭിക്കും.


തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, ഡിറ്റെയ്ൽഡ് മെഡിക്കൽ എക്സാമിനേഷൻ/റിവ്യൂ മെഡിക്കൽ എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.


പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. 100 മാർക്കിന് 90 മിനിറ്റായിരിക്കും പരീക്ഷ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ജനറൽ നോളജ് ആൻഡ് ജനറൽ അവയർനസ്, എലിമെന്ററി മാത്തമാറ്റിക്സ്, ഇംഗ്ലീഷ്/ഹിന്ദി എന്നീ വിഷയങ്ങളിൽനിന്ന് 25 വീതം ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്.


പരീക്ഷാകേന്ദ്രം: കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.


ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടെസ്റ്റ്. ഓട്ടം: പുരുഷന്മാർക്ക് 24 മിനിറ്റിൽ 5 കിലോമീറ്റർ. സ്ത്രീകൾക്ക് 8 1/2 മിനിറ്റിൽ 1.6 കിലോമീറ്റർ.


ശാരീരികയോഗ്യത:ഉയരം: പുരുഷന്മാർക്ക് 170 സെ.മീ. സ്ത്രീകൾക്ക്-157 സെ.മീ. എസ്.ടി. വിഭാഗത്തിൽ പുരുഷന്മാർക്ക് 162.5 സെ.മീ. സ്ത്രീകൾക്ക് 150.0 സെ.മീ. നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. എസ്.ടി. വിഭാഗത്തിന് 76 സെ.മീറ്ററും 5 സെ.മീ. വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.


അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്.സി./എസ്.ടി./വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഫീസ് ഭീം യു.പി.ഐ./നെറ്റ് ബാങ്കിങ്/വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപൈ, ക്രൈഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി ഫീസടക്കാം. കൂടാതെ എസ്.ബി.ഐ. ചെലാൻ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചിലൂടെയും ഫീസടക്കാൻ കഴിയും. ഓൺലൈൻ വഴി 02.09.2021 വരെയും ചെലാനിലൂടെ 07.09.2021 വരെയും ഫീസടക്കാം. ചെലാൻ 04.09.2021 മുൻപ് ജനറേറ്റ് ചെയ്തിരിക്കണം.


അപേക്ഷിക്കേണ്ട വിധം: വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.inഎന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഓഗസ്റ്റ് 31.

No comments