Breaking News

ചെയ്യാത്ത തെറ്റിന് പിഴ അടയ്ക്കണം; ഇതുവരെ തമിഴ്നാട്ടിൽ പോയിട്ടില്ലാത്ത ആലക്കോട് കരുവഞ്ചാലിലെ ഓട്ടോഡ്രൈവർക്കെതിരെ തമിഴ്നാട് പോലീസിന്റെ വിചിത്ര നടപടി


ആലക്കോട്: ചെയ്യാത്ത തെറ്റിന്റെ പേരിൽ കരുവഞ്ചാലിലെ ഓട്ടോഡ്രെെവർ പിഴ അടയ്ക്കണമെന്ന് കാട്ടി തമിഴ്നാട് ട്രാഫിക് പോലീസ് നോട്ടീസ് നൽകിയത് വിവാദമായി. കരുവഞ്ചാൽ സ്റ്റാന്റിലെ ഓട്ടോഡ്രൈവർ തടിക്കടവ് മണാട്ടിയിലെ അത്തായകുന്നുമ്മൽ ചന്ദ്രനാണ് നോട്ടീസ് ലഭിച്ചത്. വർഷങ്ങളായി കരുവഞ്ചാൽ ടൗണിൽ ഉപജീവനാർത്ഥം തന്റെ കെ.എൽ 59 എ 1449 ഓട്ടോറിക്ഷ ഓടിച്ച് വരികയാണ് ചന്ദ്രൻ. ജീവിതത്തിൽ ഇന്ന് വരെ തമിഴ്നാട്ടിൽ പോയിട്ടില്ല. 


കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി തളിപ്പറമ്പ് ആർ.ടി.ഒ ഓഫീസിൽ അപേക്ഷ നൽകിയപ്പോഴാണ് തമിഴ്നാട് പോലീസിന്റെ നിയമ നടപടികൾ ചന്ദ്രൻ അറിഞ്ഞത്.ഫിറ്റ്നസ് ലഭിക്കണമെങ്കിൽ തമിഴ്നാട് തേനി ആർ.ടി.ഒ ഓഫീസ് പരിധിയിലെ കുറുങ്കാണി ട്രാഫിക് എസ്.ഐ രാജശേഖരൻ കഴിഞ്ഞ ജൂൺ 23ന്

രജിസ്റ്റർ ചെയ്ത പെറ്റി കേസിന്റെ പിഴയായ നൂറ് രൂപ അടയ്ക്കണം. യൂണിഫോം ധരിക്കാത്തതിന്റെ പേരിലാണ് കേസ്. എന്നാൽ ഈ കേസുമായി ഇദേഹത്തിന് യാതൊരു ബന്ധവുമില്ല. അധികൃതർ ഇത് അംഗീകരിക്കുന്നില്ല. ചെയ്യാത്ത തെറ്റായിട്ടും പിഴ അടയ്ക്കേണ്ട അവസ്ഥയിലാണ്

സാധാരണക്കാരനായ ഈ ഓട്ടോഡ്രൈവർ. മറ്റാരോ വരുത്തിയ പിഴവിന്റെ പേരിലാണ് ഇദേഹം പിഴ അടക്കേണ്ട ദുരവസ്ഥ നേരിടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ചന്ദ്രനും സഹപ്രവർത്തകരായ കരുവഞ്ചാലിലെ മറ്റ് ഓട്ടോഡ്രൈവർമാരും.


No comments