Breaking News

കോവിഡ് പ്രതിരോധം: മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു


കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രെഷർ സ്വിംഗ് അഡ്‌സോർപ്ഷൻ (പി.എസ്.എ) ടെക്‌നോളജിയിലുള്ള മെഡിക്കൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം പെട്രോനെറ്റ് എൽ.എൻ.ജിയും ജില്ലാ ആശുപത്രിയിൽ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ)യുമാണ് പ്ലാൻറുകൾ സ്ഥാപിക്കുക. 

പെട്രോനെറ്റ് എൽ.എൻ.ജി മെഡിക്കൽ കോളജിൽ സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിന്റെ സിവിൽ വർക്കുകൾക്കായി ജില്ലാ നിർമിതി കേന്ദ്രം സമർപ്പിച്ച എസ്റ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിക്കുവാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. അതോറിറ്റി ചെയർപേഴ്‌സൻ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. 

ദേശീയപാത അതോറിറ്റി ജില്ലാ ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിന്റെ സിവിൽ പ്രവൃത്തികൾക്കുള്ള പ്രൊപ്പോസൽ ലഭ്യമാക്കിയാൽ സംസ്ഥാന സർക്കാരിലേക്ക് സമർപ്പിക്കാനും തീരുമാനമായി. ഓക്‌സിജൻ സിലിണ്ടർ ചാലഞ്ചിനായി കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയുടെ പേരിൽ ആരംഭിച്ച അക്കൗണ്ടിൽ ലഭിച്ച തുക ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. ഓർഡർ നൽകിയ സിലിണ്ടറുകൾക്ക് ആവശ്യമായി വരുന്ന ബാക്കി തുക അനുവദിക്കും. ജില്ലയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനായി ലാബ് ടെക്‌നീഷ്യൻ, മൾട്ടി പർപ്പസ് വർക്കർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവർക്ക് സർക്കാർ അംഗീകരിച്ച നിരക്കിൽ ശമ്പളം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ൺൻ, എ.ഡി.എം എ.കെ. രമേന്ദ്രൻ, ഡി.എം.ഒ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments