കോവിഡ് നിയന്ത്രണം രോഗവ്യാപന സ്ഥലങ്ങളിൽ മാത്രമാക്കണം: ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം
വെള്ളരിക്കുണ്ട് : കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന നിയന്ത്രണം രോഗ വ്യാപനപ്രദേശങ്ങളിൽ മാത്രമാക്കണമെന്നും അല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ടും ബളാൽ പഞ്ചായത്ത്പ്രസിഡന്റുമായ രാജു കട്ടക്കയം ആവശ്യപ്പെട്ടു.
നിലവിൽ ഒരുവാർഡിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആ വാർഡ് മൊത്തത്തിൽ അടച്ചിടുന്ന പ്രവണതയാണ് തുടരുന്നത്. രോഗവ്യാപന പ്രദേശങ്ങൾ മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണാക്കി പൂർണ്ണമായും അടച്ചിടണം.
ബളാൽപഞ്ചായത്തിലെ ചില വാർഡുക്കളിൽ 30 ന് മുകളിൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മൊത്തം അടച്ചു പൂട്ടുകയും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വെള്ളരിക്കുണ്ട് ടൗൺ ഉൾപ്പെടെ കണ്ടെയ്മെന്റ് സോണിൽപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് പൊതുജനങ്ങൾ ഇവിടെയുള്ള സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും എത്തുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നു.
രോഗ വ്യാപനം ഉണ്ടായപ്രദേശം മാത്രം അടച്ചിടുകയും അല്ലാത്ത സ്ഥലങ്ങളിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു പ്രവർത്തനാനുമതി നൽകണമെന്നും രാജു കട്ടക്കയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
No comments