Breaking News

ആരോഗ്യ വകുപ്പില്‍ 300 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി; മന്ത്രി മന്ത്രി വീണാ ജോര്‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ മേഖലയിലെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനറല്‍, ജില്ലാ, താലൂക്കുതല ആശുപത്രികള്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവയില്‍ 1200 വിവിധ തസ്തികകള്‍ സൃഷ്ടിക്കാന്‍ നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇതില്‍ ആദ്യഘട്ടമായി 300 തസ്തികകളുടെ അനുമതിയാണ് നല്‍കിയത്.

നഴ്സ് ഗ്രേഡ് രണ്ട് 204, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് 52, ക്ലാര്‍ക്ക് 42, ഓഫീസ് അറ്റന്‍ഡന്റ് 2 എന്നിങ്ങനെയാണ് തസ്തിക സൃഷ്ടിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴിവുള്ള തസ്തികകള്‍ എത്രയും വേഗം പി.എസ്.സി.യെ അറിയിക്കേണ്ടതാണെന്ന് മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് തലവന്‍മാരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ചത് ആരോഗ്യ വകുപ്പിലാണ്. അതിന്റെ തുടര്‍ച്ചയായി ഈ സര്‍ക്കാരും നിരവധി തസ്തികകളാണ് സൃഷ്ടിച്ചു വരുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

No comments