Breaking News

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് നിബന്ധനകളോടെ യാത്രാനുമതി നൽകി യു എ ഇ; ദുബായ് യാത്രക്കാർക്കുള്ള വ്യവസ്ഥകൾ അറിയാം




ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചിരിക്കുകയാണ്. ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാന സർവീസുകൾ പ്രവർത്തനം നടത്തും.കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ആദ്യത്തെ വിമാനം വെള്ളിയാഴ്ച രാവിലെ ഗോവ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നു. ഇൻഡിഗോ എയർലൈൻസ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിയിലേക്കുള്ള വിമാന സർവീസുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യാത്രാവിലക്ക് പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രികർക്കും നിരുപാധികം യു എ ഇയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. ട്രാൻസിറ്റ് യാത്രക്കാർക്കും യു എ ഇയിലെ സ്ഥിരതാമസക്കാർക്കും മാത്രമേ നിലവിൽ ദുബായിയിലേക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്നാണ് ഇൻഡിഗോ തങ്ങളുടെ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.

യു എ ഇയിലേക്ക് മൂന്ന് വിമാന സർവീസുകൾ ഇൻഡിഗോ പ്രഖ്യാപിച്ചു. ഈ മാസം ഒൻപതാം തീയതിയും പത്താം തീയതിയുമായി രണ്ടു വിമാനങ്ങൾ ഡൽഹിയിൽ നിന്ന് ദുബായിയിലേക്ക് പറക്കും. ഓഗസ്റ്റ് 10-ന് ദുബായിയിൽ നിന്ന് തിരികെയും ഒരു വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യാത്രികർക്കായി യു എ ഇ നിഷ്കർഷിക്കുന്ന മാർഗനിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ നാഷണൽ എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെന്റ് അതോറിറ്റി (എൻ സി ഇ എം എ) പുറത്തുവിട്ടു. യു എ ഇയിൽ താമസത്തിന് അനുമതിയുള്ളവർക്കും കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവർക്കും അവരിൽ തന്നെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്കുമാണ് യാത്രാനുമതി എന്ന് യു എ ഇ നിഷ്കർഷിക്കുന്നു.

അബുദാബിയിൽ എത്തുന്ന യാത്രക്കാരെല്ലാം പത്തു ദിവസത്തെ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയണം. അതുകൂടാതെ, വിമാനത്താവളത്തിലെ അധികൃതർ നൽകുന്ന മെഡിക്കലി അപ്രൂവ്ഡ് ട്രാക്കിങ് റിസ്റ്റ്ബാൻഡ് സമ്പർക്കവിലക്കിൽ കഴിയുന്ന ദിവസങ്ങളിൽ ഉടനീളം യാത്രക്കാർ ധരിക്കണമെന്ന കർശന നിർദ്ദേശവും യു എ ഇ നൽകുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യ നിരവധി രാജ്യങ്ങളിലേക്ക് നിലവിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി യു എ ഇ ഇപ്പോൾ യാത്രാനുമതി നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വാണിജ്യ അന്താരാഷ്ട്ര വിമാന സർവീസുകളുടെ പ്രവർത്തനം തുടർന്നും നിർത്തിവെയ്ക്കും.

മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഡൽഹി ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ യാത്രാ മാനദണ്ഡങ്ങൾ പ്രകാരം, ഈ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തുന്ന യാത്രികർ ആർ ടി പി സി ആർ പരിശോധനാ ഫലം സമർപ്പിക്കേണ്ട ആവശ്യമില്ല.

No comments