Breaking News

മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് പൊലീസ് ജീപ്പിലേക്ക് വലിച്ചിട്ടു; ഡോറിനിടയിൽപെട്ട് യുവാവിന്റെ കാലിന് പൊട്ടൽ


കോട്ടയം: ഇന്നലെ ഉച്ചയ്ക്ക് ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ക്രൂരമായ സംഭവം അരങ്ങേറിയത്. മെഡിക്കൽ കോളജിൽ ഗൈനക്കോളജി വിഭാഗത്തിൽ കഴിഞ്ഞ 16 ദിവസമായി കൂട്ടിരിപ്പ് കാരനാണ് കോട്ടയം പള്ളം മാവിളങ്ങ് സ്വദേശി  അജികുമാർ(45). ഇന്നലെ പതിവുപോലെ ഗൈനക്കോളജി വിഭാഗത്തിനു പുറത്ത് കാത്തിരിക്കുമ്പോഴാണ് കൺട്രോൾറൂം വാഹനമെത്തി മാസ്ക് ഇല്ലാത്തവരെ തിരഞ്ഞ് പെറ്റി അടിക്കാൻ തുടങ്ങിയത്. മരത്തിനു ചുവട്ടിൽ ഇരിക്കുകയായിരുന്ന അജി കുമാറിന്റെ അടുത്ത് എത്തി പോലീസ് ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ മാസ്ക് വിളിച്ചിരുന്നതായി അജികുമാർ പൊലീസിനോട് പറഞ്ഞു. ഇതാണ് തർക്കത്തിനും  ക്രൂരമായ അതിക്രമത്തിനും കാരണമായത്.

മാസ്ക് വെച്ച് എന്ന് ചൂണ്ടിക്കാട്ടി പൊലീസുമായി സംസാരിച്ചതോടെ അജി കുമാറിനെ വാഹനത്തിൽ കയറ്റി കൊണ്ടു പോകാൻ ഉള്ള ശ്രമമാണ് പിന്നീടുണ്ടായത്. വാഹനത്തിൽ കയറ്റി വാതിൽ അടയ്ക്കുമ്പോൾ ആണ് അജി കുമാറിന്റെ കാലിന് പരിക്കേറ്റത്. ഡോർ അടയ്ക്കുമ്പോൾ കാൽ ഡോറിന്റെ ഇടയിലാണെന്ന്  പല തവണ വിളിച്ചു പറഞ്ഞിരുന്നതായി അജികുമാർ പറയുന്നു. എന്നാൽ വളരെ ദേഷ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥർ വാതിൽ രണ്ടുതവണ ആഞ്ഞ് അടച്ചതായി അജി കുമാർ പറയുന്നു.  ഇതാണ് പരിക്ക് ഉണ്ടാകാൻ കാരണമായത്. തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ  500 രൂപ ഫൈൻ അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ തന്റെ കൈവശം 400 രൂപ മാത്രമാണ് ഉണ്ടായിരുന്നത് എന്നു പറഞ്ഞപ്പോൾ നിർബന്ധപൂർവ്വം പണമടച്ച് മതിയാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി അജികുമാർ ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ പണം കടം വാങ്ങി അടച്ചതോടെ എല്ലാം മറക്കാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞതായും അജികുമാർ ആരോപിച്ചു. എന്നാൽ ദൃക്സാക്ഷികൾ അടക്കം 15 പേർ ചേർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവമുണ്ടായി 24 മണിക്കൂർ എത്തുമ്പോഴും മൊഴി പോലും രേഖപ്പെടുത്താൻ ആരും എത്തിയില്ല എന്ന അജികുമാർ പരാതിപ്പെടുന്നു.

അജി കുമാറിനെതിരെ നടന്നത് ക്രൂരമായ പൊലീസ് അതിക്രമം ആണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും പറയുന്നു. അജികുമാർ ചൂണ്ടിക്കാട്ടിയ അതേ വാദങ്ങൾ തന്നെയാണ് ദൃക്സാക്ഷികളും ആവർത്തിക്കുന്നത്. വൈകുന്നേരം കാലിനു നീര് വെച്ച് അതോടെയാണ് മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്. അജി കുമാറിനെയും മെഡിക്കൽ കോളേജിൽ പരിശോധിച്ച എക്സ്-റേ റിപ്പോർട്ടുകളിലും  മറ്റ് റിപ്പോർട്ടുകളിലും കാലിന് പരിക്കുണ്ട് എന്ന് വ്യക്തമാണ്. അതേസമയം പോലീസ് അക്രമത്തിൽ അല്ല അജികുമാറിന് പരിക്കേറ്റതെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. അഡ്രസ്സ് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്നാണ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത് എന്നും ഗാന്ധിനഗർ എസ് എച്ച് ഒ ‌ പറഞ്ഞു. സംഭവം പുറത്തുവന്നതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

No comments