ചിങ്ങം ഒന്ന് കർഷകദിനത്തിൽ, മലയോരം ഫ്ലാഷിന് വേണ്ടി സന്തോഷ് നാട്യാഞ്ജലി എഴുതുന്നു - "ഒക്കൽ"
മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന,
ഒരുകൂട്ടം മനുഷ്യരുടെ; പ്രകൃതിപ്രതിഭാസങ്ങളെ
ആരാധിച്ചിരുന്ന ആദിമഗോത്രവർഗ്ഗത്തിൻ്റെ
തനതുകൃഷിസമ്പ്രദായമായിരുന്നു-പുനംകൃഷി.
“ധനുവിൽ പുനംകൊത്തി, മകരത്തിൽ തീയും വച്ച്,
കുംഭത്തിൽ കൊത്തിപ്പെറുക്കി, മീനത്തിൽ
വിത്തുംകൂട്ടി” എന്നാരംഭിക്കുന്ന ഗിരിവർഗ്ഗക്കാരുടെ
പുനംകൃഷിപാട്ടിൽനിന്നും, ഓരോസമയത്തും എന്തൊക്കെ
കാര്യങ്ങളാണ് കൃഷിസംബന്ധമായി ചെയ്യേണ്ടിയിരുന്നത്
എന്ന് മനസ്സിലാക്കാം. കൃഷിരീതികളെയും വിത്തുകളെയും
കുറിച്ചുള്ള അറിവുകൾ അവർ നാട്ടിപ്പാട്ടുകളുടെ
ഈണത്തിലാക്കി മനസ്സിൽ സൂക്ഷിക്കുകയും
വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്തു.
ഉഴുതുനിലമൊരുക്കി കൃഷിചെയ്യുന്നതിനു പകരം,
കൃഷിക്കായി തിരഞ്ഞെടുക്കുന്ന വിശാലമായ
ഭൂപ്രദേശത്തെ കാടുകൾ പൂർണ്ണമായും തീയിട്ടു കത്തിച്ചു,
നിലമൊരുക്കിയാണ് പുനംകൃഷി ചെയ്തിരുന്നത്.
സാധാരണയായി പുനംകൃഷിക്ക് ഭൂമി കിളച്ചുമറിക്കാറില്ല.
ആവശ്യമെങ്കിൽ മണ്ണൊന്നു നിരത്തിയിട്ട്, അതിനുമുകളിൽ
വിത്തുകൾ വാളുകയാണ് പതിവ്. വിത്തിട്ടതിനു ശേഷം മുകളിലേക്ക്
അല്പം മണ്ണ് കോരിയിടാറുമുണ്ട്. ഇതുകൊണ്ടുതന്നെ
വ്യാപകമായ രീതിയിൽ മണ്ണൊലിപ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ
ഒഴിവാകുകയും ചെയ്യുന്നു. ഒരിക്കൽ കൃഷിക്കായി
തിരഞ്ഞെടുത്ത ഭൂമിയിൽ തുടർച്ചയായി കൃഷിയിറക്കുന്ന
രീതിയല്ല പുനംകൃഷിയിലേത്. ഏതെങ്കിലുമൊരുവിളവുതന്നെ
ദീർഘകാലത്തേക്ക് കൃഷിചെയ്യുന്ന രീതിയുമായിരുന്നില്ല,
അനുവർത്തിച്ചിരുന്നത്. ആദ്യകാലങ്ങളിൽ, പത്തും പന്ത്രണ്ടും
വർഷങ്ങൾ കൂടുമ്പോഴായിരുന്നു ഒരു സ്ഥലത്തു കൃഷി
ആവർത്തിച്ചിരുന്നത്. ഇത് മണ്ണിൻ്റെ ഫലപുഷ്ടി
വീണ്ടെടുക്കുന്നതിനും, ജൈവവൈവിധ്യങ്ങളെ
സംരക്ഷിക്കുന്നതിനും സഹായകമായിരുന്നു.
മനുഷ്യൻ്റെ അത്യാഗ്രഹം കൂടിവന്നമുറയ്ക്ക്, ഒരു പ്രദേശത്തു
അഞ്ചുവർഷം കൂടുമ്പോൾ കൃഷിചെയ്യുന്ന രീതിയും
നിലനിന്നിരുന്നു. പണ്ടുകാലത്തെ പുനംകൃഷി നടത്തിയിരുന്ന
വനഭൂമിയും, മലമടക്കുകളും, ഇന്ന് ഗ്രാമവാസികളും
കുടിയേറ്റക്കാരും ക്രമാതീതമായി കയ്യേറുകയും
ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള
നെട്ടോട്ടത്തിനിടയിൽ, ഭക്ഷ്യവിളകൾക്കുപകരം,
നാണ്യവിളകളായ റബ്ബർ, കവുങ്, കുരുമുളക്, കശുമാവിൻ
തോട്ടങ്ങൾ, എന്നിവ എങ്ങും സ്ഥാനം പിടിക്കുകയും ചെയ്തു.
ഒരേസ്ഥലത്തു തന്നെ ആവർത്തിച്ചു കൃഷിചെയ്യുന്നതുമൂലം
ക്രമേണ മണ്ണിൻ്റെ ഫലപുഷ്ടി ഇല്ലാതാവുകയും, ഇത്
വീണ്ടെടുക്കുന്നതിന് അമിതമായ രാസവള പ്രയോഗങ്ങൾ
ആരംഭിക്കുകയും ചെയ്തു. പൊതുവെ ഉത്പാദനം കുറവ് എങ്കിലും,
നല്ല രോഗപ്രതിരോധശേഷിയുള്ള നാടൻ വിത്തിനങ്ങളുടെ
സ്ഥാനത്ത്, അമിതോത്പാദനശേഷിയുള്ള സങ്കരയിനം
വിത്തുകളുപയോഗിക്കപെട്ടു. അതോടൊപ്പം തന്നെ അന്നുവരെ
നമ്മുടെ പൂർവ്വികർക്ക് അജ്ഞാതമായിരുന്ന, പലതരം കീടങ്ങളുടെ
അക്രമവുംവർധിച്ചു. ഇവയെ പ്രതിരോധിക്കാൻ മാരകമായ
കീടനാശിനികളുടെ പ്രയോഗവും മനുഷ്യൻ ആരംഭിച്ചു.
ചുരുക്കിപ്പറഞ്ഞാൽ മണ്ണിനെയും പ്രകൃതിയെയും അമിതമായി
ചൂഷണം ചെയ്തു, എങ്ങനെയും നാലുകാശ് സമ്പാദിക്കണമെന്നുള്ള
അത്യാർത്തിമൂലം നമ്മുടെ പരമ്പരാഗത കാർഷികസമ്പ്രദായങ്ങളും
വിളകളും നമ്മുടെ നാട്ടിൽനിന്നും എന്നേക്കുമായി അപ്രത്യക്ഷമായി.
നമ്മുടെ പൂർവ്വികർ കരസ്ഥമാക്കിയിരുന്ന, നാട്ടറിവുകളും,
നാടൻ വിത്തുകളും, നാട്ടിപ്പാട്ടും, വിയർപ്പുകൊണ്ട് അന്നം വിളയിച്ച
കർഷകനുമെല്ലാം ഗതകാലസ്മരണകൾ മാത്രമായി.
മണ്ണിൽ ഇറങ്ങാതെ കോൺക്രീറ്റ് സൗധങ്ങളുടെ മട്ടുപ്പാവിൽ
ഗ്രോബാഗുകളിൽ കൃഷിചെയ്യുന്നവൻ കർഷകനുമായിമാറി.
ഉദോഗസ്ഥർ പറയുന്ന സങ്കരയിനം വിത്തുകളും, രാസവളങ്ങളും
കീടനാശിനികളും ഒക്കെ ഉപയോഗിച്ച് അളവിലും വലിപ്പത്തിലും
ഒക്കെ ഉത്പാദനം നടത്തുന്നവനെ മാത്രം സമൂഹം ആദരിക്കുന്ന
അവസ്ഥയുമായിമാറി. രാസവള കീടനാശിനിപ്രയോഗങ്ങളുടെ
ദൂഷ്യഫലങ്ങൾ തിരിച്ചറിഞ്ഞ ഇന്നത്തെ കർഷകർ
ഒരുശ്രമംനടത്തുന്നുണ്ടെങ്കിലും, ഭരണകൂടങ്ങൾ ജൈവകൃഷി
എന്ന ഓമനപ്പേരുള്ള ചില രീതികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും,
ഇതൊക്കെ എത്രമാത്രം ഫലപ്രദമാകുമെന്ന്
കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ തലമുറയ്ക്ക് തീർത്തും അജ്ഞാതമായ പുനംകൃഷി
സമ്പ്രദായത്തെക്കുറിച്ച് അനുഭവസ്ഥരിലൂടെയും,
നാട്ടുപയമകളിലൂടെയും ചോദിച്ചറിഞ്ഞതും,
കേട്ടറിഞ്ഞതുമായ ചില കാര്യങ്ങൾ
ഈ കർഷകദിനത്തിൽ മലയോരം ഫ്ലാഷിനുവേണ്ടി
നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
ഗതകാല കാർഷികസമ്പന്നതയുടെ പ്രതീകമായിരുന്നു,
പ്രകൃതിശക്തികളെ ഭയഭക്തിബഹുമാനങ്ങളോടെ
കണ്ടിരുന്ന പഴയതലമുറ, ധനുമാസപ്പകലിൽ മുഹൂർത്തം
നോക്കി മണ്ണിൽ തൊട്ടുവന്ദിച്ച് കൃഷിവേലയ്ക്ക് ആരംഭം കുറിക്കുന്നു.
ഭൂവുടമയുടെ സമ്മതത്തോടെ മലദൈവങ്ങളെ സാക്ഷിയാക്കി
കൃഷിയിറക്കേണ്ടുന്ന മണ്ണിൽ കാടുകൊത്തിനു തുടക്കമിടുന്നു.
ധനുമാസത്തിൽ കാടുതെളിക്കുകകയും മകരത്തിൽ അവയ്ക്കു
തീയിടുകയും ചെയ്യുന്നു. ഈ തീയിടൽ ഒരുപരിധിവരെ കീടങ്ങളെയും
അവയുടെ ലാർവ്വകളെയും നശിപ്പിക്കുന്നു. തീ ഒതുങ്ങിയ
മലമടക്കുകളിൽ "കൊത്തി ഒതുക്ക്" വേലകളാണ് അടുത്തത്.
ഇതിനകം തന്നെ കൃഷിയിടത്തിലെ ഏറ്റവും സൗകര്യപ്രദമായ
സ്ഥാനത്ത് കുടിൽ പണിത് താമസമാക്കുന്ന ആദിദ്രാവിഡ
വിഭാഗത്തിൽപെട്ടവർ വന്യമൃഗങ്ങളിൽനിന്നും തങ്ങൾക്കും,
വിളകൾക്കും സംരക്ഷണമൊരുക്കുന്നതിനുള്ള വേലികെട്ടുകളും
ചില കെണികളും ഒരുക്കുന്നു. പാണ്ടി, അടിച്ചിൽ, തുടങ്ങിയ ഇത്തരം
കെണികളിൽ വീണുകിട്ടുന്ന കാട്ടുമൃഗങ്ങളെ കശാപ്പു ചെയ്ത
മാംസാഹാരവും, നെല്ല് വാറ്റിയ പാനീയവും, കൃഷിയോടനുബന്ധിച്ചുള്ള
ആഘോഷച്ചടങ്ങുകളിലും അനുഷ്‌ഠാനങ്ങളിലും, ഒഴിച്ചുകൂടാനാവാത്ത
വിഭവങ്ങളായിരുന്നു. പുനംകൃഷിയുടെ ആദ്യാന്തം നീണ്ടുനിൽക്കുന്ന
ആഘോഷങ്ങളും, സൽക്കാരങ്ങളും പാട്ടും നൃത്തവും, എല്ലാം
കർഷകർക്കിടയിലും, മറ്റു ഗ്രാമവാസികൾക്കിടയിലുമുള്ള
കൂട്ടായ്മയും, സഹവർത്തിത്ത്വവും ഊട്ടിയുറപ്പിക്കുന്ന
തരത്തിലുള്ളവയായിരുന്നു. എല്ലാം തനിക്കു മാത്രം
എന്ന ഇടുങ്ങിയ മനസ്ഥിതിയുള്ള ഇന്നത്തെ തലമുറയ്ക്ക്,
ഇത്തരത്തിലുള്ള ഒരു പരസ്പര-സഹകരണമനോഭാവത്തെകുറിച്ചും,
കൂട്ടായ്മയിലൂടെയുള്ള കൃഷിരീതിയെക്കുറിച്ചും ,
കേൾക്കുമ്പോൾ പുശ്ച൦ തോന്നിയേക്കാം. വേലയ്ക്കു
തുല്യമായ കൂലിയും സമ്പാദ്യവും ഒന്നുമില്ലായിരുന്നെങ്കിലും,
പണിയാളനും കൃഷിയിറക്കുന്നവനും ഒരിക്കലും പട്ടിണി
കിടക്കേണ്ടി വരാറില്ലായിരുന്നുവെന്ന് പഴയതലമുറയിലെ ചിലർ
സാക്ഷ്യപ്പെടുത്തുന്നു. ജാതിയുടെ പേരിലുള്ള അസമത്ത്വങ്ങൾ
നിലനിന്നിരുന്ന അക്കാലത്ത്, പണിയാളൻ്റെ വിയർപ്പാണ് തൻ്റെ
പത്തായത്തിലെ ഓരോ നെന്മണിയുമെന്ന് തിരിച്ചറിവുള്ള മേലാളൻ,
തൻ്റെ കീഴിലുള്ള പണിക്കാർക്ക്, ആഹ്ളാദിക്കാനും
ആഘോഷിക്കുവാനുമുള്ള, ചില അവസരങ്ങൾ ഒരുക്കികൊടുക്കുകയും,
കൃഷിയിടത്തിലെ കാവലാളനെ വേണ്ടവിധത്തിലുള്ള
ആചാര്യമര്യാദകളോടെ ഉപചരിക്കുകയും പതിവായിരുന്നു.
കാടുവെട്ടിത്തെളിച്ചു തീയിട്ട്, തീയിൽ ദഹിക്കാത്ത വലിയ
മരകഷ്ണങ്ങൾ കൊണ്ട് പുനത്തിൻ്റെ ഞെടിക്ക് വേലിതീർക്കുന്നു.
ബാക്കിയുള്ള വിറകുകളും കുറ്റികളും കൊത്തിമാറ്റി, ചാമ
വിതറി വിശാലമായ കൃഷിയിടത്തിന് അതിരുകൾ നിർണ്ണയിക്കുന്നു.
പത്ത്, പന്ത്രണ്ട്, പതിനഞ്ച് പൊതിപ്പാട് എന്നിങ്ങനെയാണ്
പുനംകൃഷിസ്ഥലത്തിൻ്റെ വിസ്തീർണ്ണ നിശ്ചയം. ഒരു പൊതിപ്പാട്
എന്നാൽ ഏകദേശം ഒരേക്കർ കണക്കാക്കാം.
പ്രധാനമായും നെല്ലാണ് കൃഷി ചെയ്യുന്നതെങ്കിലും എള്ള്, തുവര,
കടുക്, അമര, ചേമ്പ്, മുത്താറി, തിന, വരക്, ചീര, വാഴ, മഞ്ഞൾ,
മുളക്, കുമ്പളം, മത്തൻ, പയറുവർഗങ്ങളും പുനംവെള്ളരിയും
മുഖ്യവിളകൾ തന്നെയായിരുന്നു. മണ്ണിൽ വിയർപ്പിൻ്റെ
ഉപ്പുചേർക്കുന്നവനും, അവരെ സംരക്ഷിക്കുന്ന ഉടയോർക്കും
ഒരു വർഷത്തേയ്ക്ക് ഭക്ഷണത്തിനു വേണ്ടുന്ന എല്ലാ വസ്തുക്കളും
ഇപ്രകാരം കൃഷി ചെയ്തുണ്ടാക്കുമായിരുന്നു.
അതായത്, ഇന്നത്തെപോലെ അരിക്ക് ആന്ധ്രയെയും
പച്ചക്കറികൾക്ക് തമിഴ്നാടിനെയും, കർണ്ണാടകയെയും ഒന്നും
ആശ്രയിക്കേണ്ടിവന്നിരുന്നില്ല എന്ന് സാരം.
കാട് വെട്ടിത്തീയിട്ട് തയ്യാറാക്കിയ പുനത്തിൽ, കാലികളെകൊണ്ട്
മണ്ണിളക്കുകയും പിന്നാലെ പരുവ കൊണ്ട് നിലമൊരുക്കുകയൂം
ചെയ്യുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച കാലികൾ ഉഴുതു
നീങ്ങുമ്പോൾ "ഒരു നുകം കാലിക്ക് പരുവയുമായി രണ്ട് പെണ്ണാൾ
അകമ്പടിസേവിക്കും. അതുപോലെ ഒരു നുകം കാലിക്ക്, പതിനഞ്ച്
ഇടങ്ങഴി വിത്ത് വാളാ൦"എന്നുമായിരുന്നു അന്നത്തെ രീതി.
വിത്തുകളുടെയും പരമ്പരാഗത കാർഷിക അറിവുകളുടെയും
സംരക്ഷകരായിരുന്ന ആദിമഗിരിവർഗ്ഗക്കാർ കൃഷിയെ
പരിപാവനമായും, ആദരവോടെയുമായിരുന്നു കണ്ടിരുന്നത്.
പട്ടിണികിടന്നാലും വിത്തെടുത്തുണ്ണുന്ന ശീലം
അന്നുണ്ടായിരുന്നില്ല. മീനമാസത്തിൽ
കൃഷിചെയ്‌തിരുന്നതും, ദീർഘ കാലത്തെ മൂപ്പുള്ളതുമായ വെങ്കലം
എന്ന വിത്തിനവും, മേടത്തിൽ വാളുന്നതും ഉദ്ദേശം അഞ്ചുമാസം
കൊണ്ട് വിളവെടുക്കുന്നതുമായ കുറുംകലം എന്നയിനവും, മൂന്നുനാല്
മാസത്തിനുള്ളിൽ വിളവെടുക്കുന്ന വെങ്കലത്തിൻ കുറുംകലം, എന്ന
വിത്തിനവും പുനം കൃഷിക്കുപയോഗിച്ചിരുന്നു. ഇടവം മിഥുന
മാസങ്ങളിലാണ് ആദ്യത്തെ 'കളനീക്കൽ'. മീനത്തിലെ മഴയോടൊപ്പം
തലപൊക്കിയുയരുന്ന നരവള്ളി, ചെന്നാർ, തൊട്ടാവാടി, കുറുംതോട്ടി,
ഉതിരം, നീണ്ടർനാണി, കൈകൊളച്ചപ്പു, ചിലന്തിവള്ളി, മുട്ടാമ്പുളി,
തകര, പീരക്ക, വേലിപരുത്തി ,ബെച്ചത്തുമ്പുളി തുടങ്ങിയ
സസ്യങ്ങളും, ഓടപ്പുല്ല് , കിടാരിപ്പുല്ല്, വള്ളിപ്പുല്ല്, എന്നിവയും
"കൊള്ളിപ്പായി അരിയൽ"ലൂടെ നീക്കം ചെയ്യപ്പെടുന്നു.
വിളകൾക്ക് കീടബാധമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ
തക്കവിധത്തിൽ കൃത്യസമയങ്ങളിൽ വിദഗ്‌ധരായ പണിക്കാർ
ചില പച്ചമരുന്നുകൾ പ്രയോഗിക്കാറുണ്ടായിരുന്നു. ഇവയുടെ
രഹസ്യകൂട്ടുകൾ മസ്തിഷ്കത്തിൽ സൂക്ഷിച്ചിരുന്ന പഴയ തലമുറ,
അത് വരുംതലമുറയ്ക്കുവേണ്ടി എങ്ങും രേഖപ്പെടുത്താതെ
കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അതുമല്ലെങ്കിൽ മണ്ണിൻ്റെ
ജൈവഘടനയെ തകിടം മറിക്കുന്ന; കർഷകന് കൈനിറയെ
നാണയത്തുട്ടുകൾ നേടിത്തരുന്ന, വിദേശവൃക്ഷത്തിൻ്റെ വെളുത്ത
കണ്ണീർ ഊറ്റിയെടുത്ത് ജീവിക്കുന്ന ഭാവിതലമുറയ്‌ക്ക് തങ്ങളുടെ
വിജ്ഞാനമൊന്നും പ്രയോജനപ്പെടില്ല എന്ന് അവർ മനസ്സിലാക്കിയതു-
കൊണ്ടുമാവാം, അവർ തങ്ങളുടെ അറിവുകൾ രേഖപെടുത്താതിരുന്നത്.
ചിങ്ങമാസം പിറന്നാൽ നെല്ല് വിരിയാൻ തുടങ്ങുന്നതോടെ
വഴികെട്ടൽ, എന്ന ജോലിയാണ്. ആദ്യമൊരാൾ
നെൽച്ചെടികൾ മാടിക്കൊണ്ട് മുന്നേപോകുന്നു.
പിന്നാലെ രണ്ടാമൻ, കാടുകൊത്തിവൃത്തിയാക്കുകയും
മൂന്നാം ഊഴക്കാരൻ മാടിയ നെല്ല് പൊതിഞ്ഞു
സൂക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് പുനത്തിനുള്ളിൽ
കൂടി യഥേഷ്ടം സഞ്ചരിക്കാൻ വേണ്ടി വഴികളും,
കാവൽപന്തലുകളും നിർമ്മിക്കുകയും ചെയുന്നു.
ഒരു പൊതിപ്പാടിന്, ഒരുകാവലാൾ എന്ന നിലയിൽ,
കാട്ടുമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ നാടൻ തോക്കും
കവണയുമായി കാവൽക്കാരൻ വിളകളെ സംരക്ഷിക്കും.
ചിങ്ങമാസം അവസാനപാദവും, കന്നിമാസാരംഭവും,
മൂർച്ചപണിയുടെ കാലമാണ്. കൃഷിയുടെ ആരംഭത്തിൽ
അതിരുകളായി തീർത്ത് വിതച്ച ചാമയാണ് ആദ്യം കൊയ്യുന്നത്.
പ്രത്യേകം തയ്യാറാക്കിയ കളത്തിൽ കൊയ്തെടുത്ത
കറ്റകൾ കൂട്ടിയിട്ടശേഷം കാലിക്കൂട്ടങ്ങളെ അവയ്ക്കു
മീതെകൂടി നടത്തിച്ചാണ്, നെന്മണികൾ വേർതിരിച്ചിരുന്നത്.
നെല്ല് മൂരുന്നതിൻ്റെ കൂലിക്ക് "പതംകൊടുക്കൽ" എന്നുപറയുന്നു.
കൊയ്തുകൂട്ടിയ കറ്റകളിൽ പതിനൊന്നിൽ പത്തെണ്ണം
കൃഷിക്കാരനും, ശേഷിക്കുന്ന ഒന്ന് മൂർച്ചക്കാരനും ആണ്.
നെല്ലിൻ്റെ വിളവെടുപ്പ് പൂർത്തിയായാലും കൃഷിസ്ഥലം
അനാഥമാകുന്നില്ല. അതാതുകാലങ്ങളിൽ, പച്ചക്കറികളും,
മൂപ്പെത്തുന്നമുറയ്‌ക്ക് മറ്റു ധാന്യങ്ങളും പുനത്തിൽനിന്നും
വിളവെടുപ്പ് നടത്താറുണ്ട്. ചാമ, മുത്താറി, തോര, വരക്, തിന
കാക്കച്ചോളം, കൂമ്പച്ചോളം, തുടങ്ങിയ ധാന്യങ്ങളും, കയ്പ്പക്ക,
വെള്ളരി, നരമ്പൻ, ചുരയ്ക്ക, കൊടാരങ്ങ, മത്തൻ, കുമ്പളം
തുടങ്ങിയ പച്ചക്കറികളും പുനംകൃഷിയുടെ സമൃദ്ധി
കാലത്തിൻ്റെ ബാക്കിപത്രങ്ങളാണ്. "ഒരുപൊതി വിത്തിന്
ഒരുനാഴിതോര"എന്ന കണക്കിലാണ് തോര അഥവാ തുവര
വാളിയിരുന്നത്. കല്ലുള്ള ഭാഗങ്ങളിൽ മുത്താറിയും വിതച്ചിരുന്നു.
ചോളത്തിൻ്റെ വിളവെടുപ്പ് വൃശ്ചികം ധനു-മാസങ്ങളിലാണ്,
അനുകൂലകാലാവസ്ഥയാണെങ്കിൽ നല്ലവിളവ് തരുന്ന
തോരയുടെ വിളവെടുപ്പ് ധനുമാസത്തിലും നടക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഒരുവർഷത്തേക്ക് വേണ്ടുന്ന ഭക്ഷണ
സാധനങ്ങൾ മുഴുവനും അന്നത്തെ മനുഷ്യർ കൃഷി
ചെയ്തുണ്ടാക്കിയിരുന്നു. ആദ്യവിളവെടുപ്പിനുശേഷം
ഏഴുമുതൽ പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞാണ്
"എളമ്പ ചെത്തി"പുനംകൃഷിക്ക് വീണ്ടും നിലമൊരുക്കിയിരുന്നത്.
ഇതിനകം മണ്ണിൻ്റെ വളക്കൂറ് വീണ്ടെടുക്കപ്പെട്ടിട്ടുണ്ടാവാം
എന്നതായിരിക്കാം ഈ നീണ്ട കാലയളവ് സ്വീകരിക്കാൻ കാരണം.
മണ്ണിൻ്റെ ഓജസ്സ് വീണ്ടെടുക്കുന്നതിനും, കാടിൻ്റെ പുനഃജ്ജീവനത്തിനും
സഹായകമാവും വിധം പരിസ്ഥിതിസൗഹാർദ്ദത്തിന് ഉത്തമദൃഷ്ടാന്തമായ
പുനംകൃഷിയും, കാർഷികസംസ്കാരവും എല്ലാം ഇന്ന് വെറും
കേട്ടുകേൾവികളായി മാറിയിരിക്കുന്നു. പണ്ട് പുനം കൃഷി നടത്തിയിരുന്ന
വിശാലമായ ഭൂപ്രദേശങ്ങൾ വിഭജിക്കപ്പെട്ടു. ജനപ്പെരുപ്പത്തിനനുസരിച്ച്
ചുരുങ്ങുന്നഭൂമിയിൽ, ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള
പരക്കംപാച്ചിലിൽ, അധികം കാത്തിരിക്കാതെയും, വിയർപ്പൊഴുക്കാതെയും
സമ്പന്നനാകാനുള്ള അഭിനിവേശത്തിൽ, ഭക്ഷ്യവിളകൾക്കു പകരം
നാണ്യവിളകൾ മനുഷ്യമനസ്സുകളിലും, മലഞ്ചെരുവുകളിലും സ്ഥാനംപിടിച്ചു.
ആദ്യകാലങ്ങളിൽ കല്പവൃക്ഷങ്ങളും, കവുങ്ങ്, കുരുമുളക്, കശുമാവ്
തോട്ടങ്ങളും ഇവിടേയ്ക്ക് വരികയും, പിന്നീട് ഉത്തരമലബാറിലെ
കുടിയേറ്റക്കാർക്കൊപ്പം ഇങ്ങോട്ടേക്ക് ചേക്കേറിയ റബ്ബർമരങ്ങൾ
ഒരു നാടിനെ വെട്ടിപ്പിടിക്കാൻ അണിനിരക്കുന്ന സൈനികരെപോലെ
വരിവരിയായി ഒരേ അകലത്തിൽ മലഞ്ചെരുവുകളിൽ
സ്ഥാനംപിടിക്കുകയും ചെയ്തു. ഇന്ന് അവയുടെ പ്രതാപകാലവും
ഏതാണ്ട് അവസാനിച്ച മട്ടാണ്. റബ്ബർതോട്ടങ്ങളുടെ സ്ഥാനത്ത്
മാഞ്ചിയവും, തേക്കും, മഹാഗണിയും, കാട്ടുകടുക്കയും എല്ലാം
സ്ഥാനംപിടിച്ചിരിക്കുന്നു. വിത്തെറിഞ്ഞ പെരുംനിലങ്ങളിൽ
ബഹുനിലമാളികകൾ തലപൊന്തിച്ചപ്പോൾ കൃഷിപാഠങ്ങളും
നാട്ടറിവുകളുമെല്ലാം പുതുതലമുറയ്ക്ക് പഴംകഥകൾ മാത്രമായിമാറി.
പഴയകാലകൃഷിസമ്പ്രദായത്തിലേക്കു ഒരു തിരിച്ചുപോക്കിൻ്റെ
ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അഥവാ വേണമെന്ന് വച്ചാൽ
തന്നെ ഒരിക്കലും വീണ്ടെടുക്കാനാവാത്തവിധം മണ്ണിൻ്റെ
ഘടനയും, മനുഷ്യനും എന്നേ മാറിയിരിക്കുന്നു.
പഴമയെ പുകഴ്താനോ, പുതിയതിനെ താഴ്ത്തികെട്ടാനോ
ഉദ്ദേശിച്ചുള്ളതല്ല, ഈ എഴുത്ത് എന്ന് ഓർമിപ്പിച്ചുകൊള്ളട്ടെ.
എനിക്ക് ഗുരുതുല്ല്യനായ ശ്രീ പരപ്പ ബാലൻ മാസ്റ്ററുടെ,"പരപ്പ-
ഒരു ഗ്രാമത്തിൻ്റെ പാഠഭേദങ്ങൾ" എന്ന ഗ്രന്ഥമാണ് മേൽ
എഴുത്തുകൾക്ക് അടിസ്ഥാനം. അതോടൊപ്പം മലയോരം
ഫ്ലാഷിന് വേണ്ടി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച
പള്ളിക്കി കുഞ്ഞമ്പു വല്യച്ഛൻ, കരിച്ചേരി കുഞ്ഞമ്പുനായർ,
ഹരീന്ദ്രൻനായർ പ്ലാച്ചിക്കര, ബളാൽ പാടശേഖരകമ്മറ്റി
പ്രവർത്തകർ, പാത്തിക്കരയിലെ കാരിച്ചിയമ്മ,
കമ്മാടത്തി, നാർക്കളൻ, എന്നിവരുടെ വാക്കുകളും ഈ
എഴുത്തിന് പ്രചോദനമായിട്ടുണ്ട്.
No comments