Breaking News

പരപ്പയിലെ വാക്സിൻ വിതരണത്തിൽ ക്രമക്കേടുകളെന്ന് ആക്ഷേപം യൂത്ത്കോൺഗ്രസ്, പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ പ്രതിഷേധിച്ചു


പരപ്പ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് ഇന്ന് നടന്ന കോവിഡ് വാക്സിനേഷൻ വിതരണത്തിൽ ക്രമക്കേടെന്ന് പരാതി. ഇന്ന് നടന്ന വാക്സിൻ വിതരണം 7, 8 വാർഡുകളിലെ പൊതുജനങ്ങളെ അറിയിക്കാതെ, മുൻഗണനാക്രമങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് പാർട്ടി അനുഭാവികൾക്ക് വ്യാപകമായി നൽകിയെന്നാണ് ആരോപണം. ഇന്നലെ പരപ്പയിൽ വച്ച് 200 ഡോസ് വാക്സിൻ നൽകാൻ മെഡിക്കൽ ഓഫീസർ പഞ്ചായത്ത് അംഗങ്ങളെയും ആശാവർക്കർമാരെയും അറിയിച്ചിരുന്നുവെങ്കിലും ഈ വിവരം വാർഡ് ജാഗ്രത സമിതികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും അറിയിക്കാതെ രഹസ്യമായി അടുപ്പക്കാർക്ക് എത്തിച്ചു നൽകിതായി ആരോപിച്ച് പരപ്പയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രിയദർശനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകരും പ്രതിഷേധമുയർത്തി. അതിന് ശേഷമാണ് പൊതുവിഭാഗത്തിൽപ്പെട്ട കുറച്ചുപേർക്കെങ്കിലും വാക്സിൻ നൽകാൻ തയ്യാറായതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരപ്പ പ്രിയദർശനി സോഷ്യോ കൾച്ചറൽ ഫോറം ജില്ലാ കലക്ടർക്കും മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.

No comments