Breaking News

വനാതിർത്തികളിലെ കാട്ടാനശല്യം തടയാൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ സമരം സംഘടിപ്പിക്കും ;കർഷക കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാജു കട്ടക്കയം



വെള്ളരിക്കുണ്ട് : ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കട്ടാനകൾ കൂട്ടത്തോടെ എത്തി കാർഷിക വിളകളും മറ്റും നശിപ്പിക്കുകയും ആളുകളുടെ ജീവനുപോലും  ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ സർക്കാരും വനം വകുപ്പും അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ബളാൽഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രാജു കട്ടക്കയം ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ കർണ്ണാടക വനാതിർത്തിയോട് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഇപ്പോൾ കാട്ടാന കൂട്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. മിക്ക കർഷകർക്കും കനത്ത നാശനഷ്ട്ടമാണ് വരുത്തിയിരിക്കുന്നത്.

ബളാൽ പഞ്ചായത്തിലെ പാമത്തട്ട്,മഞ്ജുചാൽ, കടവത്തുമുണ്ട,മരുതോം. തുടങ്ങിയ സ്ഥലങ്ങളിലും ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി വായ്ക്കാനം. അത്തിയടുക്കം തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞഒരാഴ്ചക്കുള്ളിൽ ഹെക്റ്റർ കണക്കിന് കൃഷി ഭൂമികളാണ് കാട്ടാനകൾ നിലം പരിശാക്കിയത്.


ഈ പ്രദേശങ്ങളിൽ വനത്തിൽ നിന്നും കാട്ടാനകൾ കൃഷി ഭൂമി യിലേക്ക് കടക്കാതിരിക്കാൻ സുരക്ഷാ വേലി കളോ മറ്റു സംവിധാനങ്ങളോ വനം വകുപ്പ് പൂർണ്ണ മായും നടപ്പാക്കിയിട്ടില്ല. അടിയന്തിരമായും കർഷകർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കി സർക്കാരും വനം വകുപ്പും വിഷയത്തിൽ ഇടപ്പെട്ടു പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം കർഷകരെ അണിനിരത്തി സമരം സംഘടിപ്പിക്കുമെന്നും രാജു കട്ടക്കയം പ്രസ്താവനയിൽ പറഞ്ഞു.

No comments