Breaking News

വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി ആശുപത്രിയുടെ പ്രവർത്തനം ഇനി പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ





വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യുണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തി. മലയോരത്തിന്റെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് എൽഡിഎഫ് സർക്കാർ പച്ചക്കൊടി കാട്ടിയത്. സർക്കാർ ഉത്തരവ് അടുത്ത ദിവസം എത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്  കെട്ടിട സൗകര്യം ഒരുക്കാൻ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർത്തിയാകുന്നതോടെ സിഎച്ച്സിയുടെ പ്രവർത്തനത്തിന് സൗകര്യം ആകും.ഇതോടെ വെള്ളരിക്കുണ്ട് ആശുപത്രിയുടെ ദുരിതത്തിന് പരിഹാരമാകും. മലയോരത്തെ മറ്റ് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളായി സർക്കാർ ഉയർത്തിയപ്പോഴും വെള്ളരിക്കുണ്ട് പി എച്ച് സി തൽസ്ഥിതി തുടരുകയായിരുന്നു, എന്നാൽ സിപിഐഎം എളേരി, പനത്തടി , നീലേശ്വരം ഏരിയാ കമ്മിറ്റികൾ വെള്ളരിക്കുണ്ട് പിഎച്ച്സി സിഎച്ച്സി ആയി ഉയർത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യമാണ് അനുവദിച്ച് കിട്ടിയത്. വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ബളാൽ, കിനാനൂർ- കരിന്തളം, കോടോം -ബേളൂർ, പനത്തടി, കള്ളാർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും.താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ദുരിതത്തിലായിരുന്നു. വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം കിഴക്കൻ മലയോരത്ത് കിടത്തി ചികിത്സ ഉള്ള ഏക പിഎച്ച്സി ആണ്.  തുടക്കത്തിൽ ജനകീയ കമ്മിറ്റി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് അന്ന് കമ്മിറ്റി നിർമ്മിച്ചു നൽകിയ ഓടിട്ട കെട്ടിടത്തിലായിരുന്നു അടുത്തകാലം വരെ  ഇവിടത്തെ പ്രഥാന ഓഫീസുകൾ പ്രവർത്തിച്ചിരുന്നത് .മൂന്ന് ഘട്ടങ്ങളിൽ ആയി 24 പേരെ കിടത്തി ചികിത്സിക്കാൻ അനുമതി ലഭിച്ചെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. നിലവിൽ 10 പേരെയാണ് കിടത്തി ചികിത്സിക്കുന്നത്. മൂന്ന് ഡോക്ടർമാരും നാല് സ്റ്റാഫ് നഴ്സും, ഒരു എച്ച്ഐയും ,ഒരു ഫാർമസിസ്റ്റും അടക്കം 25 ജീവനക്കാരാണ് ഇപ്പോൾ ഉള്ളത്. മരുന്നുകൾ ആവശ്യത്തിന് ഉണ്ട്. ജില്ലയിൽ  ആദിവാസി കുടുംബങ്ങൾ ഏറെയും ഉള്ള പ്രദേശമാണ്. ഇവിടെ നിന്നും കിടത്തിചികിത്സ ആവശ്യമുള്ള രോഗികൾ സർക്കാർ ആശുപത്രിയിൽ എത്തണമെങ്കിൽ 45കിലോമീറ്റർ യാത്ര ചെയ്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തണം.വർഷത്തിൽ ഒരു ലക്ഷത്തോളം രോഗികൾ ഒപിയിലും 3000രോഗികൾ ഐപിയിലും ചികിത്സ തേടുന്നുണ്ട്. 2014ൽ നബാർഡ് സഹായത്തോടെ 4.75കോടിയുടെ കെട്ടിട നിർമ്മാണത്തിന് നടപടി തുടങ്ങി എങ്കിലും പഞ്ചായത്ത് തുടർ പ്രവർത്തനങ്ങൾ നടത്തിയിരുന്നില്ല. സമീപ പഞ്ചായത്തുകളായ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ കരിന്തളം  എന്നിവിടങ്ങളിൽ ഉള്ള പിഎച്ച്സി കളിൽ എല്ലാം നല്ല നിലയിൽ സൗകര്യങ്ങൾ  ഒരുക്കുബോൾ ഇവിടെ അത് മരീചികയായി മാറുകയായിരുന്നു. താലൂക്ക് കേന്ദ്രത്തിലെ സർക്കാർ ആശുപത്രിയെ പഞ്ചായത്ത് വേണ്ട രീതിയിൽ പരിഗണിച്ചിരുന്നില്ലെങ്കിലും സർക്കാർ ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ്. സിഎച്ച്സി ആയതോടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന ആശുപത്രിയെ ജില്ലയിലെ തന്നെ ഏറ്റവും സൗകര്യമുള്ള കമ്മ്യുണിറ്റി ഹെൽത്ത് സെന്ററായി ഉയർത്താനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി.

No comments