Breaking News

കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്


കാസർകോട്: കാട്ടാനയുള്‍പ്പെടെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വനം വകുപ്പ്. ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാതലത്തില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടേയും ഉദ്യാഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് സോളാര്‍ തൂക്കുവേലികള്‍ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചത്. വന്യമൃഗശല്യം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ഏതെങ്കിലും മേഖലയില്‍ ബാക്കിയുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. 

മലയോരത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതജീവിതത്തെക്കുറിച്ചാണ് യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പറഞ്ഞത്. ഫെന്‍സിങിനെ മറികടന്നും ആനകള്‍ എത്തുന്നതിനാല്‍ തൂക്കുവേലികള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്നാണ് ഉയര്‍ന്നു വന്ന പ്രധാന ആവശ്യം. പറ്റാവുന്ന സ്ഥലങ്ങളില്‍ ആനമതില്‍, ഫെന്‍സിങ്, കിടങ്ങ് തുടങ്ങിയവ ചെയ്താല്‍ മാത്രമേ ആനശല്യത്തിന് അല്‍പ്പമെങ്കിലും പരിഹാരം കാണാന്‍ സാധിക്കൂവെന്നും കുരങ്ങുകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ കൂട് വെച്ച് പിടിച്ചു കുരങ്ങുകളെ ഉള്‍ക്കാട്ടില്‍ വിടണമെന്നും ആവശ്യമുണ്ട്. വന്യമൃഗ ശല്യത്തില്‍ കൃഷി നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരത്തിന് അപേക്ഷിച്ചാല്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു.

കാട്ടുപന്നികളുടെ ശല്യമുണ്ടെങ്കിലും അതിനെ വെടിവെക്കാന്‍ ഉത്തരവുണ്ടെന്നും അതിനായി പ്രാദേശിക ജനജാഗ്രത സമിതികള്‍ തോക്കിന്റെ ലൈസന്‍സ് ഉള്ളവരുടെ പട്ടിക തയ്യാറാക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിച്ചിട്ടും പുതുക്കിക്കിട്ടാത്ത സാഹചര്യമുണ്ടെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

അതാത് പ്രദേശങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലായിരിക്കും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയെന്നും വനം വകുപ്പ് തൂക്കുവേലികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍ പറഞ്ഞു. കാട്ടാനകള്‍ ആനമതിലുകളെയും മറികടക്കുന്ന സാഹചര്യമാണുള്ളത്. സോളാര്‍ ഫെന്‍സിങുകളെയും ആനകള്‍ മറികടക്കുന്നതിനാല്‍ തൂക്കുവേലി തന്നെയാണ് അഭികാമ്യം. പരമാവധി സ്ഥലങ്ങളില്‍ നിലവിലെ ഫെന്‍സിങ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനൊപ്പം തൂക്കുവേലികളും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ 10കിലോമീറ്ററില്‍ സൗരോര്‍ജ തൂക്കുവേലിയും പത്ത് കിലോമീറ്ററില്‍ ആനപ്രതിരോധ കിടങ്ങും സ്ഥാപിക്കുമെന്നും വന്യമൃഗശല്യം ഒഴിവാക്കാന്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നീക്കിവെക്കാമെന്ന് അറിയിച്ചതായും മറ്റു തദ്ദേശ സ്ഥാപനങ്ങളും ഈ രീതിയില്‍ മുന്നോട്ട് വന്നാല്‍ പ്രാദേശിക ജാഗ്രത സമിതികള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പ്രതിരോധ മാര്‍ഗങ്ങള്‍  വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും അ്‌ദ്ദേഹം പറഞ്ഞു. 

എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എം.രാജഗോപാലന്‍, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എ.കെ.എം.അഷ്‌റഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.വത്സലന്‍, ഗിരിജ മോഹനന്‍, ജയിംസ് പന്തമ്മാക്കല്‍, രാജു കട്ടക്കയം, എ.ഡി.എം. എ.കെ.രമേന്ദ്രന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ അഷ്‌റഫ്, സോളമന്‍, വിവിധ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

No comments