Breaking News

'മരണ ശേഷവും ഉപകാരപ്പെടട്ടേ': ശരീരം ദാനം ചെയ്യാന്‍ സമ്മതപത്രം തയ്യാറാക്കി ട്രാന്‍സ് ദമ്പതികള്‍


 



മരണത്തിന് ശേഷം തങ്ങളുടെ ശരീരം ദാനം ചെയ്യാന്‍ സമ്മതം നല്‍കിയിരിക്കുകയാണ് കേരളത്തിലെ ട്രാന്‍സ് ദമ്പപതികളായ ത്രിപ്തി ഷെട്ടിയും ഭര്‍ത്താവ് ഹൃത്തിക് എമ്മും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണങ്ങള്‍ക്ക് വേണ്ടിയാവും ഇരുവരുടെയും ശരീരങ്ങള്‍ ഉപയോഗിക്കുക. 2019 ല്‍ വിവാഹം കഴിഞ്ഞ ശേഷം ശരീരം ദാനം ചെയ്യാനുള്ള സമ്മത പത്രമൊരുക്കി നിരവധി വാതിലുകളില്‍ മുട്ടിയിരുന്നു ഇരുവരും.

''ഈ ഭൂമിയില്‍ ഞങ്ങളുടെ മരണത്തിന് ശേഷം ഞങ്ങളുടെ ശരീരം മറ്റാര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ,'' ത്രിപ്തി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.




ഇരുവരും ചേര്‍ന്ന് മുന്‍ ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചറെ കാണുകയും മരണ ശേഷം പഠനാവശ്യങ്ങള്‍ക്ക് ശരീരം ദാനം ചെയ്യാനുള്ള സന്നദ്ധത നേരിട്ടറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. ഇതേതുടര്‍ന്ന് ദമ്പപതികള്‍ ഒരു വെള്ളക്കടലാസില്‍ അപേക്ഷ എഴുതിയ ശേഷം തങ്ങളുടെ ചിത്രങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും മന്ത്രിക്ക് കൈമാറി. പ്രസ്തുത നിയമത്തില്‍ മാറ്റം വരുത്തിയ ശേഷം അവരെ ബന്ധപ്പെടണമെന്നും അവര്‍ ഷൈലജ ടീച്ചറോട് ആവശ്യപ്പെട്ടു.

ഏപ്രിലിലാണ് ദമ്പപതികള്‍ക്ക് കേരളത്തിലെ അവയവ ദാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ മൃതസഞ്ജീവനിയില്‍ നിന്ന് പ്രസ്തുത നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നു എന്ന അറിയിപ്പ് ലഭിക്കുന്നത്. ഇരുവര്‍ക്കും അവയവ ദാനത്തിന് സമ്മതം നല്‍കാമെന്നും മൃതസഞ്ജീവനി അവരെ അറിയിച്ചു.

''അത്യാവശ്യമാണെങ്കില്‍ അവയവങ്ങള്‍ എടുക്കാനും അല്ലാത്ത പക്ഷ ശരീരം മുഴുവന്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യ ഗവേഷണ ആവശ്യാര്‍ത്ഥം എടുക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതസഞ്ജീവനിയില്‍ നിന്ന് അറിയിപ്പ് ലഭിച്ച ശേഷം ഓഗസ്റ്റ് 5 ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ സമ്മത പത്രം നല്‍കിയിട്ടുണ്ട്,'' ത്രിപ്തി പറയുന്നു.

മനുഷ്യ ശരീരങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട്, നിരവധി ഗവേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ഇത്തരം രണ്ട് ശരീരങ്ങള്‍ ലഭിക്കുന്നത് വൈദ്യശാസ്ത്ര ലോകത്തിന് ഉപകാരപ്പെടുമെന്നും ത്രിപ്തി കൂട്ടിച്ചേര്‍ത്തു.

ആഭരണ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകാരിയാണ് ത്രിപ്തി. അതേസമയം ഹൃത്തിക് ഒരു വാര്‍ത്താ അവതാരകനായി ജോലി ചെയ്തുവരുന്നു. കൂടാതെ മത്സ്യ കൃഷി അദ്ദേഹത്തിന്റെ ഒഴിവുസമയത്തെ വിനോദമാണ്. മഞ്ചേശ്വരംകാരിയായ ത്രിപ്തിയും തിരുവനന്തപുരത്തുകാരനായ ഹൃത്തിക്കും വിവാഹ ശേഷം കൊച്ചിയിലേക്ക് താമസം മാറാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ബിസിനസുകാരായ ആദ്യത്തെ ട്രാന്‍സ് ജോഡികളാണ് ഇരുവരും.

വൈദ്യ പഠനത്തിനായി ശരീരം ദാനം ചെയ്ത ട്രാന്‍സ് ദന്പതികളുടെ നടപടിയെ മൃതസഞ്ജീവനിയുടെ ഓര്‍ഗന്‍ ട്രാന്‍പ്ലാന്റ് കോര്‍ഡിനേറ്റര്‍ അനീഷ് പി വി പ്രശംസിച്ചു. ഇരുവരും അവയവ ദാനത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയപ്പോള്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മാത്രമേ ഇതിന് അനുമതിയുള്ളൂ എന്ന സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും അത് പിന്നീട്ട് പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments