Breaking News

വാഹനം പൊളിക്കൽ നയം; എതിർപ്പുമായി സംസ്ഥാന സർക്കാർ




തിരുവനന്തപുരം: 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളും പൊളിക്കുന്നതാണ് കേന്ദ്ര നയം വന്‍കിട വാഹന നിര്‍മ്മാതാക്കളെ സഹായിക്കാന്‍ വേണ്ടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കാനാരംഭിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. അതിനാല്‍ നയത്തെ എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രത്തിന് ഇക്കാര്യം അറിയിച്ച് കത്ത് അയക്കും. ഗതാഗത വകുപ്പ് തയ്യാറാക്കിയ കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാലുടന്‍ കത്ത് കൈമാറും. കേന്ദ്രത്തില്‍ നിന്ന് അനുകൂല മറുപടിയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

വാഹനങ്ങളുടെ കാലപ്പഴക്കമല്ല നോക്കേണ്ടത്. കാര്യക്ഷമത പരിശോധിച്ചാണ് തീരുമാനം എടുക്കേണ്ടത്. മലിനീകരണം കുറയ്ക്കാനെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ശരിയല്ല. മലിനീകരണം കുറയ്ക്കാനാണെങ്കില്‍ സിഎന്‍ജി/എല്‍എന്‍ജി, ഇലക്ട്രിക് എന്നിവയിലേയ്ക്ക് വാഹനം മാറ്റാനാണ് അവസരം നല്‍കേണ്ടത്. അല്ലാതെ പൊളിക്കുകയല്ല. നോട്ട് നിരോധനം പോലെ വാഹന നിരോധനമാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 'പഴയ വാഹനം പൊളിക്കല്‍ നയ'ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗുജറാത്ത് നിക്ഷേപക സംഗമത്തില്‍ വച്ച് നിര്‍വഹിച്ചത്. 2021-ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ആദ്യം ഈ നയം അവതരിപ്പിച്ചത്. അതിനുശേഷം വൈകാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ നയത്തിന്റെ വിശദാംശങ്ങള്‍ ലോകസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തി.


നയ പ്രകാരം, നിശ്ചിത കാലാവധിയ്ക്ക് ശേഷം വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കണം. പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വര്‍ഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വര്‍ഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്. വായു മലിനീകരണം കുറയ്ക്കുന്നതിനായി അവ റോഡുകളില്‍ ഓടുന്നത് നിര്‍ത്തും. കൂടാതെ, പഴയ വാഹനങ്ങളെ മാറ്റി പുതിയ വാഹനങ്ങള്‍ക്ക് ഇടം നല്‍കും. ഇത് ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍, നിര്‍ബന്ധമായും ഫിറ്റ്‌നസ് ടെസ്റ്റ് ആവശ്യമാണെന്നും നിതിന്‍ ഗഡ്കരി വിശദീകരിച്ചിരുന്നു.

കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കണം. ഒരു വാഹനം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍, പുതുക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കുകയാണെങ്കില്‍, റോഡ് യോഗ്യത കാണിക്കാന്‍ ഓരോ 5 വര്‍ഷത്തിലും വീണ്ടും ഫിറ്റ്‌നസ് ടെസ്റ്റ് നടത്തണം.2023 മുതല്‍ ഫിറ്റ്‌നസ് സംബന്ധിച്ച് നിലവിലുള്ള നിയമ പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ 2024 ജൂണ്‍ മുതല്‍ ഈ നയം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നത്

No comments