Breaking News

ഉസ്താദിനെ പള്ളിക്കടുത്ത വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി





പത്തനംതിട്ട: ജമാഅത്ത് പള്ളി ഉസ്താദിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീതത്തോട് കൊച്ചാണ്ടി ജമാഅത്ത് പള്ളിയിലെ ഉസ്‍താദ് പത്തനാപുരം കൂടൽ പുന്നമൂട് സിയാനാ മൻസിലിൽ സിദ്ദിഖിനെ(47) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ നിന്ന് അഞ്ഞൂറ് മീറ്ററോളം അകലെ ആങ്ങമൂഴി മൂഴിയാർ റോഡിൽ കൊച്ചാണ്ടി കവലയ്ക്ക് സമീപം താമസിക്കുന്ന സ്ത്രീയുടെ വീട്ടിലാണ് സിദ്ദിഖിനെ പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സ്ത്രീ തനിച്ചു താമസിക്കുന്ന വീട്ടിൽ സിദ്ദിഖ് രാത്രിയോടെ പൂജയ്ക്കും പ്രാർഥനയ്ക്ക് എത്തിയതാണെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് മരണ വിവരം അറിഞ്ഞത്. സ്ത്രീയുടെ വീട്ടിലെ വസ്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രാർഥനയ്ക്കിടെ ഉസ്താദ് കുഴഞ്ഞുവീണതായാണ് അവർ പറയുന്നത്. തുടർന്ന് ആങ്ങമൂഴിയിലെ ആശുപത്രിയിൽ പോകാനായി അടുത്തുള്ള ഓട്ടോറിക്ഷാ ഡ്രൈവറെ സ്ത്രീ വിവരം അറിയിച്ചു. അയാൾ എത്തിയപ്പോൾ ഉസ്‍താദ് മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് ഇരുവരും ചേർന്ന് വിവരം മൂഴിയാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. മൂഴിയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തണ്ണിത്തോട് എസ ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. വീട്ടിൽ പൂജയ്ക്കുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.





മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. റജീലയാണ് സിദ്ദിഖിന്‍റെ ഭാര്യ. സിയാന, സഫൽ എന്നിവർ മക്കളാണ്.

No comments