Breaking News

പരപ്പയിൽ വ്യാപാരികളും നിയമപാലകരും ബസ് മേഖലയെ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ചു അനിശ്ചിതകാല ബസ് സമരം തുടങ്ങുന്നു


പരപ്പ: വർഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പരപ്പയിൽ അടിയന്തരമായി ബസ്‌സ്റ്റാൻഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ, സ്വകാര്യ ബസുകൾക്ക് നേരെയുള്ള അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരത്തിന് തുടക്കമാകും.

പരപ്പ - ബിരിക്കുളം വഴി സർവീസ് നടത്തുന്ന മുഴുവൻ ബസുകളും പ്രശ്നത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ പരപ്പയിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്തിവെക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും അറിയിച്ചു.

പരപ്പയിൽ ബസുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ റോഡരികിലാണ് ഇതുവരെ പാർക്ക് ചെയ്തിരുന്നത്. എന്നാൽ ചില വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആർ.ടി.ഒ താഴെ പരപ്പയിൽ റോഡരികിൽ ബസ് വരുന്നത് തടയുകയുണ്ടായി.

തുടർന്ന് ബസുകൾ മുകളിലെ പരപ്പ ജങ്ഷനിൽ വെക്കാൻ തുടങ്ങിയെങ്കിലും, അവിടെ വണ്ടി വെക്കുന്നതിന്റെ പേരിൽ എല്ലാ പ്രൈവറ്റ് ബസുകാർക്കും 1000 രൂപ വീതം ഫൈൻ ഈടാക്കുന്ന സാഹചര്യമുണ്ടായി. പ്രതിസന്ധിയിലായ ബസ് മേഖലയെ ചില വ്യാപാരികളും നിയമപാലകരും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങുന്നത്

പതിനഞ്ച് വർഷം മുൻപ് അനുമതി ലഭിച്ചിട്ടും പരപ്പയിൽ ബസ്‌സ്റ്റാൻഡ് നിർമ്മാണം യാഥാർത്ഥ്യമാകാത്തതാണ് നിലവിലെ മുഴുവൻ പ്രതിസന്ധികൾക്കും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപയുടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവമാണ് ഉണ്ടായത്. 

പരപ്പയിലെ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തരമായി ബസ്‌സ്റ്റാൻഡ് നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രധാന ആവശ്യം.


No comments