രാജപുരത്ത് മാതൃകയായി വിദ്യാർത്ഥികളുടെ സത്യസന്ധത; കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് കൈമാറി
രാജപുരം: സത്യസന്ധതയുടെയും നന്മയുടെയും മാതൃകയായി രണ്ട് സ്കൂൾ വിദ്യാർത്ഥികൾ. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വജിത്തും അശ്വൻ രാജുമാണ് കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി നാടിന് മാതൃകയായത്.
ജി.പി.എം.എച്ച് ബോയ്സ് ഹോസ്റ്റലിൽ താമസിക്കുന്ന ഇരുവരും രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് വഴിയിൽ കിടന്നിരുന്ന പണം കണ്ടെത്തിയത്. ഉടൻ തന്നെ പണം സുരക്ഷിതമായി രാജപുരം പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ് പരിഭ്രാന്തനായ രാജപുരം പാലങ്കല്ല് സ്വദേശി തോമസ്, വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ നേരിട്ട് തോമസിന് പണം കൈമാറി.
കുട്ടികളുടെ സത്യസന്ധതയെയും മാതൃകാപരമായ പ്രവർത്തനത്തെയും പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു
No comments