ശുദ്ധവായുവിനായി പ്രതിജ്ഞയെടുത്ത് കരിന്തളം കുടുംബാരോഗ്യ കേന്ദ്രം
കരിന്തളം:നീലാകാശത്തിനായുള്ള ശുദ്ധവായുവിന്റെ അന്താരാഷ്ട്ര ദിനം (International Day of Clean Air for Blue Skies) ആചരണത്തിന്റെ ഭാഗമായി കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുദ്ധവായുവിന്റെ പ്രാധാന്യവും വായുമലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് ബോധവത്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു.
കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ നടന്ന പരിപാടിക്ക് ഡോ. കൃഷ്ണ. പി , ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ, എന്നിവർ നേതൃത്വം നൽകി. ആരോഗ്യകേന്ദ്രത്തിലെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായുമലിനീകരണം ശ്വാസകോശ രോഗങ്ങൾക്കു പുറമെ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയാണെന്നും,മാലിന്യം കത്തിക്കുന്നത് ഒഴിവാക്കുക, വാഹനങ്ങളിൽ നിന്നുള്ള പുക കുറയ്ക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, വൃക്ഷസംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ വ്യക്തിതല-സാമൂഹിക ഇടപെടലുകളിലൂടെ വായുമലിനീകരണം കുറയ്ക്കുന്നതിൽ എല്ലാവരും പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയും വിശദീകരിച്ചു.
തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വിഷയാധിഷ്ഠിത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ജീവനക്കാരും പൊതുജനങ്ങളും ഏറ്റുചൊല്ലുകയും ചെയ്തു. ശുദ്ധവായു സംരക്ഷണത്തിനും ആരോഗ്യകരമായ പരിസ്ഥിതി ഉറപ്പാക്കുന്നതിനും വ്യക്തിപരമായും സാമൂഹികമായും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്ന് പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു. ശുദ്ധവായു സംരക്ഷണം പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സന്ദേശവും പരിപാടിയിലൂടെ നൽകി.
No comments