Breaking News

കൊച്ചിയിലെ ലഹരി മരുന്ന് വേട്ട; 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം



കൊച്ചി: കൊച്ചിയിൽ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികൾക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വെച്ച കേസ് മാത്രം. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എം ഡി എം എ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്‍റെ രണ്ടാം എഫ്ഐ ആർ.

കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് വ്യാഴം പുലര്‍ച്ചെയാണ് മാരകലഹരിമരുന്നായ എം ഡി എം എയുമായി യുവതിയടക്കം 7 പേർ പിടിയിലായത്. ഇവരില്‍ നിന്ന് 84 ഗ്രാം എം ഡി എം എ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ അലക്കാനിട്ട തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച ഒരു ബാഗില്‍ നിന്ന് ഒരുകിലോയിലധികം എം ഡി എം എ കൂടി പിടിച്ചു. ബാഗിൽ പ്രതികളുടെ രേഖകൾ അടക്കമുണ്ടായിരുന്നു. എന്നാൽ കോടതിയിൽ സമർപ്പിച്ച എഫ്ഐ ആറിലും, മഹസറിലും വിചിത്രമായ കണ്ടെത്തലുകളാണുള്ളത്.

ആദ്യ എഫ്ഐ ആർ, യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എം ഡി എം എ കൈവശം വെച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങൾ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐ ആർ, ഇതിൽ പ്രതികളില്ല. പിടികൂടിയ്ത ഒരു കിലോ 85 ഗ്രാം എം. ഡി എം എ . ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് എം‍‍ ഡി എം എ അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് മഹസറില്‍ രേഖപ്പെടുത്തി.



ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തി . ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു . കേസുകൾ രണ്ടായി വിഭജിച്ചതും പ്രതികളില്ലാത്ത എഫ്ഐ ആറും കേസ് അട്ടിമറിക്കാൻ സഹായകമാകുമെനനാണ് ആരോപണം.








മാത്രമല്ല സംഘത്തിലെ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയതും വിവാദമായിട്ടുണ്ട് . എന്നാൽ എഫ്ഐആർ തയ്യാറാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഒരു കിലോ കൂടി മയക്ക് മരുന്ന് കണ്ടെത്താനായത് . അതിനാലാണ് രണ്ടാം എഫ്ഐ ആർ തയ്യാറാക്കിയതെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്. പ്രതികളഎ ചോദ്യം ചെയ്ത് പങ്ക് വ്യക്തമായാൽ ഇവരെ പ്രതി ചേർത്ത് റിപപോർട്ട് നൽകുമെന്നും എക്സൈസ് അസി. കമ്മീഷണർ പറഞ്ഞു .

No comments