ബാല്യസ്പന്ദനം: അംഗൻവാടി കുട്ടികളുടെ സമഗ്ര ആരോഗ്യപരിശോധനയ്ക്ക് കരിന്തളത്ത് തുടക്കം
കരിന്തളം: അംഗൻവാടികളിലെ കുട്ടികളുടെ ആരോഗ്യനില കൃത്യമായി വിലയിരുത്തുകയും ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ പരിചരണവും തുടർ ഇടപെടലുകളും ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ‘ബാല്യസ്പന്ദനം’ സമഗ്ര അംഗൻവാടി ബാല ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിക്ക് കരിന്തളത്ത് തുടക്കമായി.
കിനാനൂർ–കരിന്തളം ഗ്രാമപഞ്ചായത്തിന്റെയും കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വനിതാ–ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പയ്യൻകുളം അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ നിർവഹിച്ചു.
കുട്ടികളുടെ വളർച്ചയും വികാസവും നിരന്തരം നിരീക്ഷിക്കുക, ആരോഗ്യപരമായ വ്യതിയാനങ്ങൾ നേരത്തേ കണ്ടെത്തുക, പോഷകാഹാരക്കുറവ്, വളർച്ചാ വൈകല്യങ്ങൾ, കാഴ്ച–കേൾവി പ്രശ്നങ്ങൾ, ദന്താരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചറിഞ്ഞ് ആവശ്യമായ തുടർചികിത്സയും റഫറൽ സംവിധാനവും ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. അംഗൻവാടി തലത്തിൽ തന്നെ കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ക്രമബദ്ധമായി നിരീക്ഷിക്കുന്നതിലൂടെ ആരോഗ്യമുള്ള ബാല്യവും മികച്ച ഭാവിയും ഉറപ്പാക്കുന്നതിനുള്ള സമഗ്ര ഇടപെടലായി പദ്ധതിയെ വിഭാവനം ചെയ്തിട്ടുണ്ട്.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള എം.ടി. അധ്യക്ഷത വഹിച്ചു. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുനിത പി.എൻ., പബ്ലിക് ഹെൽത്ത് നഴ്സ് പ്രസീത, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിഷ പി. എന്നിവർ ആശംസകൾ നേർന്നു.
ഹെൽത്ത് ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ സ്വാഗതവും അംഗൻവാടി പ്രവർത്തക മീനാകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയാധിഷ്ഠിത പ്രതിജ്ഞ എടുത്തു.
കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ കുടുംബം, അംഗൻവാടി, ആരോഗ്യവകുപ്പ്, വനിതാ–ശിശു വികസന വകുപ്പ് എന്നിവയുടെ കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യപ്രശ്നങ്ങൾ സങ്കീർണമാകുന്നതിന് മുമ്പ് കണ്ടെത്തി ഇടപെടുന്നതിനും ബാല്യസ്പന്ദനം സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.
No comments