Breaking News

Tokyo Olympics| ചരിത്ര വെങ്കലവുമായി ഇന്ത്യൻ ഹോക്കി ടീം; ഒളിമ്പിക്സ് ഹോക്കിയിൽ 41 വർഷത്തിന് ശേഷം ഇന്ത്യക്ക് മെഡൽ


മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ജർമനി ഇന്ത്യക്കെതിരെ ലീഡ് നേടി. തുടക്കത്തിൽ പിന്നിലേക്ക് പോയതിന് ശേഷം മികച്ച രീതിയിൽ ഇന്ത്യ തിരിച്ചുവന്നെങ്കിലും ആദ്യത്തെ ക്വാർട്ടറിൽ ഗോൾ നേടാൻ കഴിഞ്ഞില്ല. മറുവശത്ത് ശക്തമായ പ്രെസ്സിങ് നടത്തി ജർമനി നാല് പെനാൽറ്റി കോർണറുകൾ നേടിയെടുത്തെങ്കിലും ശ്രീജേഷ് അടങ്ങുന്ന ഇന്ത്യൻ പ്രതിരോധ നിര അവയ്‌ക്കെതിരെ മികച്ച പ്രതിരോധം തീർത്തു.

രണ്ടാം ക്വാർട്ടറിലെ ആദ്യ മിനിറ്റിൽ സിമ്രൻജീത് സിങ് നേടിയ ഗോളിൽ ഇന്ത്യ ജർമനിയെ ഒപ്പം പിടിച്ചു. എന്നാൽ തുടരെ രണ്ട് ഗോളുകൾ നേടി ജർമനി കളിയിൽ വീണ്ടും ലീഡെടുത്തു. നിക്ലാസ് വെല്ലൻ രണ്ടാം ഗോൾ നേടിയപ്പോൾ ഇന്ത്യയുടെ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഒറൂസ് ആയിരുന്നു ജർമൻ ടീമിന്റെ മൂന്നാം ഗോൾ നേടിയത്. എന്നാൽ ഇന്ത്യ പിന്നോട്ട് പോയില്ല. മികച്ച ആക്രമണങ്ങളുമായി മുന്നേറിയ ഇന്ത്യ തൊട്ടുപിന്നാലെ ഹാർദിക് സിങ്ങിലൂടെ രണ്ടാം ഗോൾ നേടി ജർമനിയുടെ ലീഡ് കുറച്ച് കൊണ്ടുവന്നു. ഗോൾ നേടിയതോടെ ആവേശത്തിലായ ഇന്ത്യ ജർമൻ ഗോൾമുഖത്ത് തുടർച്ചയായ അക്രമണങ്ങളിലൂടെ രണ്ട് പെനാൽറ്റി കോർണറുകൾ നേടിയെടുക്കുകയും ഇതിൽ ഒന്നിൽ ഗോളാക്കി ജർമനിയെ ഒപ്പം പിടിക്കുകയും ചെയ്തു. രണ്ടാം ക്വാർട്ടറിന്റെ അവസാന നിമിഷത്തിൽ ഇന്ത്യക്ക് വേണ്ടി ഹർമൻപ്രീത് സിങാണ് ഗോൾ നേടിയത്.

നിർണായകമായ രണ്ടാം പകുതിയിൽ തുടർച്ചയായി ഗോളുകൾ നേടിയ ആവേശം തുടർന്ന ഇന്ത്യ ആദ്യ നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടി കളിയിൽ ആദ്യമായി ലീഡെടുത്തു. പെനാൽറ്റി സ്‌ട്രോക്കിലൂടെ രൂപീന്ദർപാൽ സിങ് ഇന്ത്യയുടെ നാലാം ഗോൾ നേടിയപ്പോൾ മനോഹരമായ ഫീൽഡ് ഗോളിലൂടെ സിമ്രൻജീത് സിങ് ഇന്ത്യയുടെ ലീഡ് വർധിപ്പിച്ചു.

ആവേശകരമായ അവസാന ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമനി അവരുടെ നാലാം ഗോൾ കണ്ടെത്തി. തുടരെ പെനാൽറ്റി കോർണറുകൾ നേടി ജർമൻ നിര ഇന്ത്യയെ പ്രതിരോധത്തിൽ ആക്കിയെങ്കിലും ഇന്ത്യ ഗോൾ വഴങ്ങാതെ പിടിച്ചു നിന്നു. പിന്നാലെ ലീഡ് ഉയർത്താൻ ഇന്ത്യക്ക് ഒരു സുവർണാവസരം ലഭിച്ചെങ്കിലും മൻദീപ് സിങ് അത് നഷ്ടപ്പെടുത്തി. പിന്നാലെ വീണ്ടും പെനാൽറ്റി കോർണറിലൂടെ അപകടം വിതക്കാൻ ജർമൻ നിര ശ്രമിച്ചെങ്കിലും ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയെ കാത്തു.

No comments