Breaking News

കുണ്ടംകുഴി 'കൂട്ടം' വാർഷികാഘോഷം: ആഗസ്റ്റ് 6ന് ഡിജിറ്റൽ നാടകരാവ് നാടകപ്രതിഭകളുടെ അഭിനയ മുഹൂർത്തങ്ങൾ ഓൺലൈനായി ആസ്വദിക്കാം



കാസര്‍കോട്: കുണ്ടംകുഴി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ കൂട്ടത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന് വരുന്ന 'പത്താമദ്ധ്യായത്തിന്റെ' അണിയറയില്‍ നാടക രംഗത്തെ കുലപതികള്‍ അണിയിച്ചൊരുക്കുന്ന നാടക രാവ് ഒരുങ്ങുന്നു. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏഴാമത്തെ ആഴ്ചയാണ് നാടക രാവ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുക.  ആഗസ്ത് 6-ാം തീയതി ഇന്ത്യന്‍ സമയം 7.30 മുതല്‍ ആണ് ഏവരും ആകാക്ഷയോടെ കാത്തിരിക്കുന്ന പരിപാടി അരങ്ങിലെത്തുന്നത്. നാട്ടിലെ പ്രഗത്ഭ നാടക താരങ്ങള്‍ വിവിധ സ്‌ക്രിപ്റ്റിലൂടെ കാണികള്‍ക്ക് മുന്നിലെത്തും. 

'മരണമൊഴി' എന്ന നാടകവുമായി ബേഡകത്തിന്റെ പ്രിയപ്പെട്ട നടന്‍  മധു ബേഡകം. ബിനുലാലിന്റെ രചനയില്‍ ജി സതീഷ് ബാബു സംവിധാനം ചെയ്ത  'കടു' എന്ന നാടകവുമായി കുണ്ടംകുഴിയുടെ സ്വന്തം ഹരിദാസ് കെ പി എ സി.  കെ പി ജയമോഹന്റെ രചനയില്‍ ഗോകുല്‍നാഥ് സംവിധാനം ചെയ്ത 'ബയോഡാറ്റ' എന്ന നാടകവുമായി ഗോകുല്‍നാഥ്.

കെ പി ജയമോഹന്‍ രചനയും, സംവിധാനവും ചെയ്ത്  അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന 'ഹിറ്റ്‌ലര്‍' എന്ന നാടകം. കെ പി എ സി വില്‍സണ്‍ സ്‌ക്രിപ്റ്റ് എഴുതി ഷനിത്ത് മാധവിക സംവിധാനം ചെയ്ത 'മധുര സുരഭില സുന്ദര നിലാവെളിച്ചം' എന്ന നാടകവുമായി രതീഷ് ബാബു എ കെ. കെ പി ജയമഹന്റെ സ്‌ക്രിപ്റ്റില്‍ അനീഷ് കുറ്റിക്കോല്‍ സംവിധാനം ചെയ്ത് അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന മോംസില്ല എന്ന നാടകം. ഇങ്ങനെ ആറ് നാടകങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അവതരിപ്പിക്കുന്നത് നാടക രംഗത്തെ പ്രമുഖര്‍ ആയത് കൊണ്ട് തന്നെ വന്‍ പ്രതീക്ഷയോടെയാണ് കൂട്ടത്തിന്റെ നാടക രാവിനെ വരവേല്‍ക്കാന്‍  ജനങ്ങള്‍ ഒരുങ്ങുന്നത്. 

കോവിഡ് കാലമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നാടകം പോലുള്ള ആസ്വാദന കലകള്‍ നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ മികച്ച ജന പങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 

കൂട്ടം സെക്രട്ടറി സനത്ത് കമ്മാളംകയ, സുധാകരന്‍ ചേരിപ്പാടി, മധു കൊളത്തൂര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

No comments