Breaking News

ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി; ബ്യൂട്ടി പാർലർ ഉടമ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ




കൊല്ലം: ബ്യൂട്ടി പാർലർ ഉടമയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മാടൻനട ഭരണിക്കാവ് റെസിഡൻസി നഗർ-41 പ്രതീപ് നിവാസിൽ ബിന്ദു പ്രദീപിനെ (44) യാണ് ചൊവ്വാഴ്ച രാവിലെ വീടിന്റെ ഒന്നാംനിലയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗൺ പ്രതിസന്ധിയിൽ ബ്യൂട്ടി പാർലർ തുറക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ വേവ്സ് ഓഫ് ബ്യൂട്ടി സലൂൺ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.





20 വർഷത്തിലേറെയായി വീടിനോടുചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്ന ബിന്ദു ഒന്നരവർഷം മുൻപാണ് കൊട്ടിയത്ത് കട വാടകയ്ക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. ഏറെക്കഴിയും മുൻപേ കോവിഡ് വ്യാപനം കാരണം സ്ഥാപനം അടച്ചിടേണ്ടിവന്നു. ലക്ഷങ്ങൾ ചെലവഴിച്ച് ഉന്നത നിലവാരത്തിൽ ആരംഭിച്ച സ്ഥാപനം, അടച്ചിടൽ നീണ്ടതോടെ വലിയ ബാധ്യതയായി മാറി. കിട്ടാനുള്ള തുകകളും മുടങ്ങി. വായ്പകളുടെ അടവ് മുടങ്ങിയതോടെ സാമ്പത്തിക ബാധ്യത കുതിച്ചയുർന്നു.ഭർത്താവ്: പ്രദീപ്. ബിരുദ വിദ്യാർത്ഥികളായ പ്രണവ്, ഭാഗ്യ എന്നിവർ മക്കളാണ്.



ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതിന് പിന്നാലെ ബാങ്കിന്റെ സമ്മർദം കൂടി മുറുകിയതോടെ കഴിഞ്ഞ ദിവസമാണ് കോട്ടയം കടുവാകുളത്ത് ഇരട്ട സഹോദരങ്ങളായ നസീർ ഖാനും നിസാർ ഖാനും ജീവനൊടുക്കിയത്. ക്രെയിൻ സർവീസ് സ്ഥാപനത്തിൽ ജീവക്കാർ ആയിരുന്നു. ലോക് ഡൗൺ കാരണം ഒരു വർഷം മുൻപ് ജോലി നഷ്ടമായി. കുറച്ചു മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ഇതിന് പിന്നാലെയാണ് മാവേലിക്കരയിൽ ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിങ് സെന്റർ ഉടമ കണ്ടിയൂർ ഗൗരീശങ്കരത്തിൽ വിനയകുമാറിനെ (43) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. വായ്പ എടുത്ത് തുടങ്ങിയ സ്ഥാപനം ഒരു വർഷം മുൻപ്, കോവിഡ് ഒന്നാം തരംഗം രൂക്ഷമായപ്പോൾ തന്നേ പ്രവർത്തനം നിലച്ചിരുന്നു. ഭാര്യയും സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും ഉണ്ട്‌.



കഴിഞ്ഞ 44 ദിവസത്തിനിടെ കേരളത്തിൽ ലോക്ക്ഡൗൺ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 22 ഓളംപേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

No comments