Breaking News

അകാലത്തിൽ പൊലിഞ്ഞ കാഞ്ഞങ്ങാടെ ബാലചിത്രകാരൻ ആദിത്യന്റെ കുടുംബത്തിന് വീട് വെക്കാൻ ദാമോദരൻ ആർക്കിടെക്ട് അഞ്ചു സെന്റ് സ്ഥലം നൽകി


കാഞ്ഞങ്ങാട്: അകാലത്തിൽ പൊലിഞ്ഞ ബാല ചിത്രകാരൻ ആദിത്യന്റെ കുടുംബത്തിന് വീടു നിർമിച്ചു നൽകുന്നതിനായി കാഞ്ഞങ്ങാട്ടെ സാമൂഹ്യപ്രവർത്തകൻ ദാമോദരൻ ആർക്കിടെക്ട് അഞ്ചു സെന്റ് സ്ഥലം നൽകി. നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിറിനടുത്താണ് സ്ഥലം. ആദിത്യൻ കുടുംബ സഹായ കമ്മിറ്റിയെ സ്ഥലം കാണിച്ചു രൂപ രേഖ കൈമാറി. കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂൾ പത്താംക്ലാസ് വിദ്യാർഥിയായ ആദിത്യൻ ഈ വർഷം ഏപ്രിൽ 26-നാണ് മരിച്ചത്. നൂറു കണക്കിന് ചിത്രം വരച്ച് സംസ്ഥാന ഗവർണറിൽ നിന്നു വരെ പുരസ്‌കാരം നേടിയ  ഈ ചിത്രകാരന്റെ പുരസ്‌കാരങ്ങൾ ക്വാർട്ടേർസിലെ മുറിയിൽ ചാക്കിൽ കെട്ടി നിറച്ച അവസ്ഥയിലായിരുന്നു. ആദിത്യന്റെ മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന നിർധന കുടുംബത്തെ സഹായിക്കാൻ കാഞ്ഞങ്ങാട്ടെ പൊതു സമൂഹം രംഗത്തെത്തുകയായിരുന്നു. ദുർഗാ ഹയർസെക്കൻഡറി സകൂൾ മുൻകൈയ്യെടുത്തു രൂപവത്കരിച്ച കമ്മിറ്റിക്കു കൈത്താങ്ങായി വിവിധ വാട്‌സ് അപ് ഗ്രൂപ്പുകൾ ആദിത്യൻ പഠിച്ച കാഞ്ഞങ്ങാട് യു.ബി.എം.സി, മേലാങ്കോട്ട് സ്‌കൂളുകൾ,മറ്റു സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം കൈകോർത്തു.

ഫണ്ട് കൈമാറ്റം നാളെ

ആദിത്യൻ കുടുംബ സഹായ ഫണ്ട് കൈമാറ്റം തിങ്കളാഴ്ച നാലിന് ദുർഗാ ഹയർെസക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് കമ്മിറ്റി ചെയർമാൻ വി.വി.രമേശനും കൺവീനർ എം.കെ.വിനോദ്കുമാറും അറിയിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ. തുക ഏറ്റു വാങ്ങും

No comments