Breaking News

തോറ്റെങ്കിലും വാക്ക് മറക്കാതെ സുരേഷ് ഗോപി ; ശക്തൻ മാർക്കറ്റിനായി ഒരു കോടി രൂപയുടെ പദ്ധതിയുമായി നായകൻ


തൃശൂര്‍: തൃശൂർ ശക്തൻ മാർക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് സുരേഷ് ഗോപി എംപി. കോർപ്പറേഷൻ മേയർ എം കെ വർഗീസിന്‍റെ ചേംബറിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റിന്‍റെ ശോചനീയാവസ്ഥ തൊഴിലാളികൾ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തൻ മാർക്കറ്റ് നവീകരണത്തിനായി ഇടപെടുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയിരുന്നു.


ആ ഉറപ്പ് പാലിക്കാനായിരുന്നു അദ്ദേഹം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസിന്‍റെ ചേംബറിൽ എത്തിയത്. ഒരു കോടി രൂപയാണ് അനുവദിച്ചത്. എംപി ഫണ്ടിൽ നിന്നോ കുടുംബ ട്രസ്റ്റിൽ നിന്നോ തുക കൈമാറും. അതിനു മുമ്പ് വിശദമായ പ്ലാൻ നൽകണം. അതേസമയം, പത്തു കോടി രൂപയുടെ ബൃഹത് പദ്ധതി ശക്തൻ മാർക്കറ്റിനു വേണ്ടി തയാറായിട്ടുണ്ടെന്ന് മേയർ അറിയിച്ചു.


എത്രയും വേഗം പദ്ധതി രേഖകൾ സമർപ്പിക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു കോടി രൂപയുടെ മാസ്റ്റർപ്ലാനിൽ കേന്ദ്ര ധനസഹായം ലഭിക്കാൻ ഇടപെടുമെന്നും അദ്ദേഹം ഉറപ്പു നൽകി. ശക്തൻ മാർക്കറ്റിൽ നവീകരണ പ്രവർത്തനങ്ങൾക്കു നീക്കിവച്ച ഒരു കോടി രൂപ ഇനി കോർപ്പറേഷൻ സ്വീകരിച്ചില്ലെങ്കിൽ തൃശൂരിൽ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ വികസനപ്രവർത്തികൾക്കായി ചെലവിടുമെന്ന് സുരേഷ്ഗോപി വ്യക്തമാക്കി.

No comments