Breaking News

സ്കൂൾ തുറക്കുന്നതിന് മുൻപ് യാത്രാസൗകര്യം ഏർപ്പെടുത്തണം : ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ


വെള്ളരിക്കുണ്ട്  : സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഉത്തരമലബാറിലെ മലയോര മേഖലകളിലെ യാത്രാസൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് ഉത്തരമലബാർ മലയോര പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൽ  നിർത്തലാക്കപ്പെട്ട മലയോര മേഖലയിലെ മിക്ക KSRTC ബസ്സ് സർവ്വീസുകളും പുനരാരംഭിക്കപ്പെട്ടില്ല എന്നത് ഏറെ ആശങ്കകളാണ് രക്ഷിതാക്കൾക്ക് നൽകിയിരിക്കുന്നത്. 


കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ നിന്ന് മാത്രം മലയോര മേഖലയിലേക്കുള്ള നിരവധി സർവ്വീസുകളാണ് ഓർഡിനറി ബസ്സുകൾ ലഭ്യമല്ലാത്തതിനാൽ മുടങ്ങി കിടക്കുന്നത്. കൊന്നക്കാട് - പറമ്പ - എളേരി - നീലേശ്വരം റൂട്ടിലെ ഇന്നാട്ടുകാരുടെ ആശ്രയമായ ഏക KSRTC സർവ്വീസ്  പോലും ഇന്ന് മുടങ്ങിക്കിടക്കുകയാണ്.

മാലോം - കാറ്റാം കവല - ചെറുപുഴ റൂട്ടിൽ രാവിലെ 7:30 നും 9 മണിക്കും വളരെ ലഭകരമായി സർവ്വീസ് നടത്തിയിരുന്ന KSRTC  സർവ്വീസുകളും പുനരാരംഭിക്കാത്തത് ഏറെ യാത്രാ ദുരിതമാണ് ഈ മേഖലയിലെ ജനങ്ങൾക്ക് സമ്മാനിച്ചിരിക്കുന്നത്. 


പരിയാരം മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിലേക്കുള്ള രോഗികളും വിദ്യാർത്ഥികളുമെല്ലാം ഏറെ ആശ്രയിച്ചിരുന്ന ഈ സർവ്വീസുകൾ പ്ലസ് വൺ പരീക്ഷയ്ക്ക്‌ മുൻപ് തന്നെ ആരംഭിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. നിലവിൽ ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഏക KSRTC മിനിബസ് സർവ്വീസ് ഈ 

കോവിഡ്കാലത്തെ പരീക്ഷ സമയത്ത് വിദ്യാർത്ഥികളെ കൂടി ഉൾക്കൊള്ളാൻ കഴിയാതെ വരും എന്നത് ഏറെ ആശങ്കാജനകമാണ്. 

കാഞ്ഞങ്ങാട് - വെള്ളരിക്കുണ്ട് - മാലോം - ചെറുപുഴ റൂട്ടിലെ മറ്റ് രണ്ട് സർവ്വീസുകളും മുടങ്ങിയിട്ട് മാസങ്ങളായി.  തളിപ്പറമ്പിൽ നിന്ന് ചെറുപുഴ വഴി മാലോത്തേക്കുണ്ടായിരുന്ന സ്വകാര്യബസ്സ് ഇപ്പോൾ സർവ്വീസ് നടത്താത്തത് ഈ റൂട്ടിൽ യാത്രക്ലേശം രൂക്ഷം ആക്കുന്നു.


കണ്ണൂർ - കാസർഗോഡ് ജില്ലകളിലെ വിവിധ മലയോര പഞ്ചായത്തുകളിലെ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരുടെ ആശ്രയമായ കൊന്നക്കാട് - ചീമേനി - പറശ്ശിനിക്കടവ്, കൊന്നക്കാട് - എളേരി - നീലേശ്വരം, കാവുന്തല  - കാസർഗോഡ്, ചിറ്റാരിക്കാൽ - പയ്യന്നൂർ, മാനന്തവാടി - ബളാൽ , കൊന്നക്കാട് - കാസറഗോഡ്, തലശ്ശേരി - ചെറുപുഴ-മംഗലാപുരം തുടങ്ങിയ സർവ്വീസുകൾ ഉൾപ്പെടെ പുനരാരംഭിച്ച് രോഗികളും വിദ്യാർത്ഥികളടക്കമുള്ള മലയോര യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരമലബാർ പാസഞ്ചേഴ്സ് അസോസിയേഷൻ ഗതാഗത വകുപ്പ് മന്ത്രി അടക്കമുള്ള അധികാരികൾക്ക് നിവേദനം സമർപ്പിച്ചു.പ്രസിഡന്റ് ഡാർലിൻ ജോർജ് , സെക്രട്ടറി ജോയൽ മാത്യു, നിബിൻ അച്ചായൻ, രഘുനാഥൻ,  ഷെറിൻ ജോർജ് എന്നിവർ നേതൃത്വം നല്കി.

No comments