Breaking News

ഓണം ബംപറിന്റെ ഭാഗ്യവാൻ വയനാട് സ്വദേശി ; 12 കോടി ലഭിച്ചത് ദുബായിലെ റസ്റ്ററന്റ് ജീവനക്കാരന് സാദിഖ് കാവിൽ


ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച‍യാളെ നാട്ടിൽ അന്വേഷിച്ചിട്ട് കാര്യമില്ല, ആ ഭാഗ്യവാൻ ഇവിടെ ദുബായിലുണ്ട്. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാന്‍.


ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി പാലക്കാട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. 


സൈലതവിയുടെ മകൻ ടിക്കറ്റ് വാങ്ങാൻ വേണ്ടി വയനാട് നിന്ന് പാലക്കാട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇതു കൈയിൽ കിട്ടി സമ്മാനം ഉറപ്പാക്കിയ ശേഷമേ സൈതലവി മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിൽക്കുകയുള്ളൂ എന്ന് മൂൺ സ്റ്റാർ വണ്‍ റസ്റ്ററന്റിലെ ബഷീർ പറഞ്ഞു. ആറ് വർഷത്തോളമായി ഇതേ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാർട്ടേഴ്സിലാണ് താമസം.

ദുബായിലെ യു ട്യൂബർ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെ‌ട്ടിടത്തിലാണ് താമസം.

ഇന്നലെ നടന്ന നറുക്കെടുപ്പിൽ 12 കോടിയുടെ ഭാഗ്യമുള്ള ടിക്കറ്റിന്റെ ഏജന്റ് കൊല്ലം കോട്ടമുക്കു തേവർ ഇല്ലത്തു മുരുകേഷ്‍ തേവർ ആണെന്നു കണ്ടെത്തിയെങ്കിലും ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താനായിരുന്നില്ല. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു–കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീ‍‍സ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റാണിത്. കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇതു വിറ്റുപോയതെന്ന് തൃപ്പൂണിത്തുറയിലെ ലോട്ടറി ഏജൻസിയിലെ ജീവനക്കാർ പറയുന്നു

No comments